സംസ്ഥാന ഹജ്ജ് ക്യാന്പ് നാളെ; സ്വലാത്ത് നഗറിൽ രജിസ്റ്റർ ചെയ്തത് പതിനായിരത്തോളം ഹാജിമാർ
1544143
Monday, April 21, 2025 5:13 AM IST
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവർക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാൻ സജ്ജമായി മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ അക്കാഡമി. 26-ാമത് സംസ്ഥാന ഹജ്ജ് ക്യാന്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും പതിനായിരത്തോളം ഹാജിമാർ രജിസ്റ്റർ ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉൾക്കൊള്ളുന്ന വിധത്തിൽ വിശാലമായ പന്തലാണ് മഅ്ദിൻ പ്രധാന കാന്പസിൽ ഒരുക്കിയിട്ടുള്ളത്. ഗവണ്മെന്റ്, സ്വകാര്യ ഗ്രൂപ്പുകൾ മുഖേന യാത്രതിരിക്കുന്നവർക്ക് ക്യാന്പിൽ പങ്കെടുക്കാം.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നീണ്ടുനിൽക്കുന്ന ഹജ്ജ് ക്യാന്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥിയാകും. മഅ്ദിൻ അക്കാഡമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.
ഹജ്ജ് പണ്ഡിതൻമാരായ കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി ക്ലാസ് നയിക്കും. ഇബ്റാഹീം ബാഖവി മേൽമുറി, അബൂശാക്കിർ സുലൈമാൻ ഫൈസി കിഴിശേരി എന്നിവർ സംശയനിവാരണത്തിന് നേതൃത്വം നൽകും. ക്യാന്പിനെത്തുന്ന ഹാജിമാർക്ക് സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9072310111, 9072310222.