അനുഭവ പരിചയ പഠന പരിപാടിയിൽ പങ്കെടുത്ത് മൂവർ സംഘം
1544164
Monday, April 21, 2025 5:34 AM IST
അങ്ങാടിപ്പുറം: ഗുജറാത്തിലെ വാദ്നഗറിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ അനുഭവ പരിചയ പഠന പരിപാടിയിൽ (പ്രേരണ പ്രോഗ്രാം) പങ്കെടുത്ത് കേരളത്തിൽ നിന്നുള്ള ആദ്യസംഘം തിരിച്ചെത്തി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ജിയ മരിയ റോസ്, അധ്യാപിക ശ്രീജ ജോസഫ്, പാണ്ടിക്കാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി എം. ജിഷ്ണു എന്നിവരാണ് കേരളത്തിൽ നിന്ന് ആദ്യമായി ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഈ സഹവാസ പരിപാടിയുടെ ലക്ഷ്യം പുതിയ പഠനരീതികൾ വിദ്യാർഥികളെയും അധ്യാപകരെയും പരിചയപ്പെടുത്തുക എന്നതായിരുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, വാസ്തുവിദ്യ, ഗണിതം, വൈവിധ്യമാർന്ന ഭാഷാ വിഭവങ്ങൾ, കാലാവസ്ഥ, കല, സാഹിത്യം, സംസ്കാരം എന്നിവയെല്ലാം ചർച്ചയായി. ജില്ലാതലത്തിൽ നടത്തിയ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ദേശീയ പരിപാടിയിൽ പങ്കെടുക്കാൻ ജിയ മരിയ റോസ്, എം. ജിഷ്ണു എന്നിവരെ തെരഞ്ഞെടുത്തത്.
ഇതേ ദിവസങ്ങളിൽ അധ്യാപകർക്കായി നടത്തിയ ശില്പശാലയിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക ശ്രീജ ജോസഫും പങ്കെടുത്തു. രാജ്യത്തിന്റെ അഖണ്ഡമായ വൈവിധ്യങ്ങളെ തിരിച്ചറിയാനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്കൊപ്പം അറിവുകൾ പങ്കുവയ്ക്കാനും മൂല്യബോധം അടിസ്ഥാനമാക്കിയ ക്ലാസുകളിൽ പങ്കെടുക്കാനും കഴിഞ്ഞത് ഭാഗ്യമായെന്ന് ജിയ മരിയ റോസ്, എം. ജിഷ്ണു, അധ്യാപിക ശ്രീജ ജോസഫ് എന്നിവർ പറഞ്ഞു.