മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: ട്രയൽ റണ്ണിൽ നഗരസഭയ്ക്ക് പങ്കില്ലെന്ന്
1544168
Monday, April 21, 2025 5:34 AM IST
മഞ്ചേരി: ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി മഞ്ചേരിയിൽ നടത്തിയ രണ്ടു ദിവസത്തെ ട്രയൽ റണ്ണിൽ നഗരസഭക്ക് പങ്കില്ലെന്ന് ചെയർപേഴ്സണ്‍ വി.എം.സുബൈദ പറഞ്ഞു. ആർടിഎ യോഗത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് രണ്ടു ദിവസത്തെ ട്രയൽ റണ്‍ നടത്തിയത്. ഇത് അംഗീകരിക്കാനാകില്ല. അഡ്വ.യു.എ.ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഎ യോഗത്തിൽ എടുത്ത തീരുമാനമാണ് നടപ്പാക്കേണ്ടത്.
സെൻട്രൽ ജംഗ്ഷനിലെ പഴയ ബസ് സ്റ്റാൻഡ് പുതുക്കി നിർമിക്കുന്നതിന് വേണ്ടി പൊളിച്ചു മാറ്റിയ സാഹചര്യത്തിൽ മഞ്ചേരിയിൽ പുതുക്കിയ ട്രാഫിക് പരിഷ്കാരം കൊണ്ടുവരാനും ഐജിബിടി ബസ് സ്റ്റാൻഡും പാണ്ടിക്കാട് റോഡിലെ ബസ് സ്റ്റാൻഡ് സജീവമായി ഉപയോഗപ്പെടുത്തുന്ന രീതിയിൽ പുതിയ ട്രാഫിക് പരിഷ്കാരം കൊണ്ടുവരാനാണ് നഗരസഭ ആലോചിച്ചിരുന്നത്.
മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള മുഴുവൻ ബസുകളും ഐജിബിടിയിൽ നിന്ന് തുടങ്ങാനും അവിടെ തന്നെ യാത്ര അവസാനിപ്പിക്കുന്ന തരത്തിലുമായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ഇതിന് വിരുദ്ധമായി ബസ് ഓണേഴ്സ് മുന്നോട്ടുവച്ച രീതിയിലും നേരത്തെ ആർടിഎ എടുത്ത തീരുമാനത്തിലും വെള്ളം ചേർത്താണ് രണ്ടു ദിവസത്തെ ട്രയൽ റണ്‍ നടത്തിയത്. ഐജിബിടിയും സീതിഹാജി സ്റ്റാൻഡും സജീവമായി നിലനിർത്തുന്നതിനാണ് നഗരസഭ ശ്രമിക്കുന്നത്.
ഇത് അട്ടിമറിക്കുവാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം പോലീസ്, ജില്ലാ കളക്ടർ എന്നിവരെ അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് രണ്ടു പേരും അറിയിച്ചിട്ടുണ്ടെന്നും വി.എം.സുബൈദ പറഞ്ഞു.