മലിനജലം കെട്ടിക്കിടക്കുന്നു; ഞെട്ടിക്കുളം രോഗഭീതിയിൽ
1543865
Sunday, April 20, 2025 5:02 AM IST
പോത്തുകൽ: ഞെട്ടിക്കുളം ടൗണിലെ ഓടകൾ മലിനജലം കെട്ടിക്കിടന്ന് ജനങ്ങൾക്ക് ദുരിതം വിതയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് ഓടകളിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശമാകെ ദുർഗന്ധം വമിക്കാൻ തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലമടക്കം അഴുക്ക് ചാലിൽ കെട്ടിക്കിടക്കുകയാണ്.
മലിനജലം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പോത്തുകൽ കുടുംബരോഗ്യകേന്ദ്രത്തിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഒരു മാസം മുന്പ് വിവരം ഗ്രാമപഞ്ചായത്ത് അധകൃതരെ രേഖാമൂലം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
മലിനജലം കെട്ടിക്കിടന്ന് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷം മുന്പ് മഞ്ഞപ്പിത്ത ബാധമൂലം ഏതാനും പേർ പോത്തുകല്ലിൽ മരണപ്പെട്ടിരുന്നു. ജലജന്യരോഗങ്ങൾക്ക് സാധ്യത കൂടുതലുള്ളതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
അഴുക്ക്ചാലിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്താൽ മാത്രമേ വെള്ളം ഒഴുകിപോവുകയുള്ളൂ. മഴക്കാലം ആരംഭിക്കാനിരിക്കെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.