മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം
1544512
Tuesday, April 22, 2025 7:37 AM IST
മലപ്പുറം: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപ്പാടിൽ അനുശോചന പ്രവാഹം. ലോകമാകെ ആദരിക്കുന്ന വിശിഷ്ട വ്യക്തിത്വത്തിന് ഉടമയും ലോകത്ത് ശാന്തിയും സമാധാനവും പുലരുവാൻ കഠിനമായി പരിശ്രമിച്ച വിശിഷ്ടവ്യക്തിയുമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റിനോട് തെല്ലും ഭയമില്ലാതെ ഗാസയിൽ വെടി നിർത്തൽ പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത് യുദ്ധത്തിനെതിരേ തന്റെ കർശനമായ നിലപാട് വ്യക്തമാക്കുന്നതായിരുന്നുവെന്ന് അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ഉന്നത അധികാര സമിതി അംഗം ആലിക്കുട്ടി എറക്കോട്ടിൽ, ജില്ലാ ഭാരവാഹികളായ കെ.എം. ഇഗ്നേഷ്യസ്, ടി.ഡി. ജോയ്, കെ.വി. ജോർജ്, സതീഷ് വർഗീസ്, എ.ജെ. ആന്റണി, ജോണ്‍കുട്ടി മഞ്ചേരി, സി.വി. വർഗീസ്, തോമസ് ടി. ജോർജ്, ഏബ്രഹാം കുര്യൻ, വിൻസി അനിൽ, സിദ്ധാനന്ദൻ, കെ.നിധിൻ ചാക്കോ, ബാബു വർഗീസ്, സജേഷ് മണ്ണഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് മലപ്പുറം മേഖല കമ്മിറ്റി അനുശോചിച്ചു. അവശതയനുഭവിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും ചേർത്തുനിർത്തി കാരുണ്യത്തിന്റെ വഴിയിൽ സഞ്ചരിച്ച മഹത് വ്യക്തിയായിരുന്നു മാർപാപ്പയെന്ന് അനുശോചന പ്രമേയത്തിൽ അറിയിച്ചു. മേഖലാ പ്രസിഡന്റ് എ.ജെ. ആന്റണി ആലക്കൽ, ജോണി. ടി. മാത്യു, ജോസഫ് പുല്ലൻകുന്നേൽ, ജോഷി ജോസഫ്, തോമസ് കുരുവിള, ജോസ് ഓലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം:അവസാനകാലത്ത് പോലും ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച മഹാനുഭാവനാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് കോഴിക്കോട് അതിരൂപത ലാറ്റിൻ കത്തോലിക് അസോസിയേഷൻ അനുശോചന യോഗത്തിൽ പറഞ്ഞു. രോഗശയ്യയിൽ നിന്ന് പുറത്തുവന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകൾ ലോകസമാധാനത്തിന് വേണ്ടിയായിരുന്നു. ആയുധങ്ങൾ നിലത്തുവയ്ക്കാനും അക്രമങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം നൽകി.
നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് പോപ്പ് ഫ്രാൻസിസ് കാലം ചെയ്തതെന്ന് അനുശോചന യോഗം ചൂണ്ടിക്കാട്ടി. കോഴിക്കോട് അതിരൂപത ലാറ്റിൻ കത്തോലിക് അസോസിയേഷൻ പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോർജ് കെ.വൈ. മോണ്‍ വിൻസെന്റ് അറക്കൽ, ട്രഷറർ ഫ്ളോറ മെൻഡോൻസ, നൈജു അറക്കൽ, എ.ജെ. സണ്ണി, പ്രകാശ് പീറ്റർ, ജസ്റ്റിൻ ആന്റണി, ലത മെൻഡോൻസ, തോമസ് ചെമ്മനം, ടി.ടി. ജോണി എന്നിവർ സംസാരിച്ചു.