ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
1543845
Sunday, April 20, 2025 4:48 AM IST
മഞ്ചേരി : മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്ദുൾ ലത്തീഫ് മരണപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങൽപ്പടി കോന്തേരി രവിയുടെ മകൻ ഷിജു (37) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിയായിരുന്നു പിടിബി ബസ് ഡ്രൈവറായ ഷിജു.
സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിനെയും കണ്ടക്ടർ സുജീഷ് എന്ന മണി, ക്ലീനർ നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 22 ദിവസം റിമാൻഡിൽ കഴിഞ്ഞ ബസ് ജീവനക്കാർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം മലപ്പുറം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ.
ഇതനുസരിച്ച് ഇന്നലെ ഷൈജു പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് മഞ്ചേരി കോർട്ട് റോഡിലെ ലോഡ്ജിൽ മുറിയെടുത്ത ഷിജു അഞ്ചു മണിക്ക് പുറത്തു പോയി തിരികെ വന്നതായി ലോഡ്ജ് ജീവനക്കാർ കണ്ടിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഉച്ചക്ക് 12 മണിക്കും പ്രതികരണമില്ലാത്തതിനെ തുടർന്ന് മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. തുടർന്നും അകത്തു നിന്ന് ശബ്ദം കേൾക്കാത്തതിനെ തുടർന്ന് ലോഡ്ജ് ഉടമ പോലീസിൽ അറിയിച്ചു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കോഡൂരിൽ മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ സുഹൃത്തുക്കളും ബന്ധുക്കളും ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ എ. ബാലമുരുകൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മിനിയാണ് മരിച്ച ഷിജുവിന്റെ ഭാര്യ. മാതാവ് : സുമതി. മക്കൾ : അഭിമന്യു, ആദിദേവ്, കാശിനാഥ്.