മഞ്ചേരിയിലെ ട്രാഫിക് പരിഷ്കരണത്തിനെതിരേ വ്യാപാരികളും ബസുടമകളും രംഗത്ത്
1543892
Sunday, April 20, 2025 5:05 AM IST
മഞ്ചേരി: മഞ്ചേരിയിൽ ആർടിഎ നടത്തിയ ട്രയൽ റണ്‍ പ്രകാരം ഗതാഗത പരിഷ്കരണം നടത്തുന്നതിനെതിരേ വ്യാപാരികളും ബസുടമകളും രംഗത്ത്. വ്യാപാരി വ്യവസായി ഏകോപന സമിതി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വെറും 100 മീറ്റർ ദൂരത്തേക്ക് എത്താൻ മൂന്നു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് പുതിയ പരിഷ്കാരം മൂലമെന്ന് പ്രസിഡന്റ് നിവിൽ ഇബ്രാഹിം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സക്കീർ ചമയം, ട്രഷറർ അൽത്താഫ്, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ഹമീദ് കുരിക്കൾ, സഹീർ കോണ്മ്മത്ത്, എൻ.ടി.കെ. ബാപ്പു, സെക്രട്ടറിമാരായ അജിത് അജുവ, ഷെരീഫ് ചേലാസ്, ആൽബർട്ട് കണ്ണന്പുഴ, ഷെരീഫ് ചെറി, കമറുദീൻ, സാലിം താജ് എന്നിവർ നേതൃത്വം നൽകി.
മഞ്ചേരിയിലെ ഇരു ബസ് സ്റ്റാൻഡുകളിലും നിലവിലുള്ള ഹാൾട്ടിംഗ് പ്ലെയ്സ് മാറ്റിക്കൊണ്ടുള്ള ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നപക്ഷം നിയമപരമായി നേരിടുന്നതിനും മുഴുവൻ ബസുകളും സർവീസ് നിർത്തിവച്ചു കൊണ്ടുള്ള സമരം ചെയ്യുന്നതിനും മലപ്പുറം ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നാണിഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പക്കീസ കുഞ്ഞിപ്പ, പാസ് മാനു, ഗാലക്സി നസീർ, ഊരാളത്ത് അനിൽകുമാർ, റഫീഖ് കുരിക്കൾ, മഠത്തിൽ സുലൈമാൻ, വെട്ടത്തൂർ മുഹമ്മദലി ഹാജി, കെ.പി. മുഹമ്മദ് കോയ, മിന്നാസ് റഹീം തുടങ്ങിയവർ പ്രസംഗിച്ചു.