ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി; ജില്ലയിൽ 50 ശതമാനം പുരോഗതി
1544503
Tuesday, April 22, 2025 7:37 AM IST
മലപ്പുറം: കന്നുകാലികൾക്കും ക്ഷീരകർഷകർക്കും വേണ്ടി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇൻഷ്വറൻസ് പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ഇതുവരെ ജില്ലയിൽ 50 ശതമാനം പുരോഗതി കൈവരിച്ചതായി നോഡൽ ഓഫീസർ ഡോ. അഫ്സൽ അറിയിച്ചു.
കന്നുകാലികളുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ മരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടും. പ്രതിദിനം ഏഴ് ലിറ്റർ പാൽ തരുന്ന രണ്ട് മുതൽ 10 വയസുവരെയുള്ള പശു, എരുമ എന്നിവയേയും ഏഴ് മാസം ഗർഭിണിയായവയെയും പദ്ധതിയിൽ ഉൾപ്പെടുത്താം.
65,000 രൂപയ്ക്ക് ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് 1356 രൂപയും മൂന്ന് വർഷത്തേക്ക് 3319 രൂപയുമാണ് കർഷകർ അടയ്ക്കേണ്ട പ്രീമിയം തുക. കർഷകരെ ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് ഇൻഷ്വർ ചെയ്യുന്നതിന് 100 രൂപ അധികം അടയ്ക്കണം. പദ്ധതിയിൽ അംഗമാകുന്നതിന് കർഷകർക്ക് തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ അറിയിച്ചു.