മലപ്പുറത്തിന്റെ ഹരിതവർണങ്ങൾ; ഫോട്ടോ പ്രദർശനം തുടങ്ങി
1544172
Monday, April 21, 2025 5:37 AM IST
മലപ്പുറം: ലോക ഭൗമ ദിനത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗാലറിയിൽ നടത്തുന്ന ഫോട്ടോ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പ്രസിഡന്റ് വിതരണം ചെയ്തു.
മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.എ.മുഹമ്മദ് സൈനുൽ അബിദീൻ അധ്യക്ഷത വഹിച്ചു. ഫോട്ടോഗ്രാഫർമാർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ വന്യജീവി-പരിസ്ഥിതി ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോകളാണ് മലപ്പുറത്തിന്റെ ഹരിതവർണങ്ങൾ എന്ന പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രദർശനം 22ന് ലോക ഭൗമ ദിനത്തിൽ സമാപിക്കും. നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം എന്നതാണ് ഈ വർഷത്തെ ലോക ഭൗമദിനത്തിന്റെ പ്രമേയം.