ദുരിതം പേറി പാലിയേറ്റീവ് സെന്ററിലേക്കുള്ള യാത്ര
1544170
Monday, April 21, 2025 5:37 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്കുള്ള റോഡ് ഗതാഗതം ദുസഹമെന്ന് പരാതി. പാലിയേറ്റീവ് കെയറിലേക്ക് കണ്ണത്ത് - കുട്ടത്തി റോഡിൽ നിന്നുള്ള വഴിയാണ് പൊട്ടിപ്പൊളിഞ്ഞും കുഴികൾ രൂപപ്പെട്ടും യാത്രാ ക്ലേശം നേരിടുന്നത്. പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴിയാണിത്.
ഫിസിയോ തെറാപ്പി യൂണിറ്റ്, രോഗികൾക്ക് സഹായ ഉപകരണങ്ങൾ, രോഗികളുടെ സംഗമത്തിനുള്ള ഓഡിറ്റോറിയം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ യോഗങ്ങൾ ചേരാനുള്ള ഇടം എന്നിവയെല്ലാം അടങ്ങിയ കെട്ടിടമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
കൂടാതെ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന പാലിയം ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതും കെട്ടിടങ്ങളോട് ചേർന്ന് തന്നെയാണ്. കെട്ടിടവും പരിസരവും പണികൾ പൂർത്തീകരിച്ച് സജ്ജമാക്കിയിട്ടുണ്ട്. അതേസമയം കെട്ടിടത്തിലേക്കുള്ള റോഡ് തകർച്ച നേരിടുകയാണ്.
ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകളും ഇടവഴികളും കോണ്‍ക്രീറ്റ് ചെയ്തു മറ്റും ഗതാഗതയോഗ്യമാക്കിയപ്പോൾ രോഗികളും ഭിന്നശേഷിക്കാരും ആശ്രയിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കെട്ടിടത്തിലേക്കുള്ള റോഡ് പുനർപ്രവൃത്തി നടത്താത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പാലിയം ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിന് മുന്‍പെങ്കിലും അടിയന്തരമായി റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.