നിലന്പൂരിൽ പൊതുസ്വതന്ത്രന്റെ സാധ്യത തള്ളാതെ സിപിഎം
1544507
Tuesday, April 22, 2025 7:37 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്ര സ്ഥാനാർഥിയുടെ സാധ്യത തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. നിലന്പൂരിൽ സിപിഎം യോഗത്തിന് മുന്‍പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പൊതുസ്വതന്ത്രരെ നിർത്തി വിജയിപ്പിച്ച പാരന്പര്യമുള്ള പാർട്ടിയാണ് സിപിഎം. ഇ.എം.എസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സ്വതന്ത്രനായി വിജയിച്ചയാളായിരുന്നു. നിലന്പൂരിൽ സിപിഎമ്മിന് സ്ഥാനാർഥിയെ കിട്ടാനില്ലെന്ന യുഡിഎഫ് നേതാക്കളുടെ പ്രതികരണത്തിന്, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുള്ള ഭിന്നത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാള്യത മറയ്ക്കാനാണ് അത്തരം പ്രതികരണമെന്നും സ്വരാജ് പറഞ്ഞു.
അവരുടെ സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായം പറയാനില്ല. ഇടതുപക്ഷ മുന്നണിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. പി.വി. അൻവറിന്റെ ചേരിമാറ്റത്തിന് വോട്ടിംഗിലൂടെ ഇടതുപക്ഷവും ജനങ്ങളും മറുപടി നൽകും. യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെ പി.വി. അൻവറിന്റെ ഇടപെടൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ നിലവിലെ ദുരവസ്ഥയിൽ സഹതാപം മാത്രമാണ് ഉള്ളതെന്നും സ്വരാജ് പറഞ്ഞു.