സ്കൂൾ മാനേജർമാരുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചു
1543890
Sunday, April 20, 2025 5:05 AM IST
മലപ്പുറം: പ്രൈമറി അധ്യാപക മേഖലയിലെ ഭിന്നശേഷി തൊഴിൽ സംവരണം ഒഴിവാക്കണമെന്ന പ്രൈമറി എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ പ്രസ്താവനയിൽ ഡിഫറന്റിലി ഏബിൾഡ് പേഴ്സണ്‍സ് വെൽഫെയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
പ്രൈമറി അധ്യാപകരായി ഭിന്നശേഷിക്കാർ നിയമിതരായാൽ പഠിതാക്കൾക്ക് ഗുണമേൻമ ലഭിക്കില്ലെന്ന അസോസിയേഷന്റെ പ്രസ്താവന ഭിന്നശേഷി സമൂഹത്തെ അവഹേളിക്കുന്നതാണ്. പ്രസ്താവന ഇറക്കിയവർക്കെതിരേ തക്കതായ നടപടി സ്വീകരിക്കണം.
പാർലമെന്റ് പാസാക്കിയ ആർപിഡി ആക്ട് പ്രകാരമുള്ള ഭിന്നശേഷി അവകാശ നിയമവും സുപ്രീം കോടതി വിധികളും വിവിധ സർക്കാർ ഉത്തരവുകളും നിലനിൽക്കെ അവയെല്ലാം തിരസ്കരിക്കുന്ന ഇക്കൂട്ടരുടെ പ്രസ്താവന തീർത്തും നിരുത്തരവാദപരമാണ്. ഇത് തിരുത്താൻ സ്കൂൾ മാനേജർമാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, ജില്ലാ സെക്രട്ടറി കെ.പി. യാസർ അറഫാത്ത്, എ. പ്രവീണ്‍, പ്രമോദ്, എം. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.