അക്രമം: രണ്ട് യുവാക്കൾക്കെതിരേ കേസെടുത്തു
1543893
Sunday, April 20, 2025 5:05 AM IST
എടക്കര: പെതുസ്ഥലത്ത് അക്രമം നടത്തിയതിനും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രണ്ട് യുവാക്കൾക്കെതിരേ എടക്കര പോലീസ് കേസെടുത്തു. കാക്കപ്പരത കൈപ്പഞ്ചേരി സുഹൈർ(26), ഉള്ളരിത്തൊടിക വിനോദ് (26) എന്നിവർക്കെതിരേയാണ് എടക്കര പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പാലേമാട് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അമിതവേഗത്തിൽ പാലേമാട് ടൗണിൽ കൂടി ബൈക്ക് ഓടിച്ച പ്രതികൾ കുരുടിത്തോടിന്റെ വളവിൽ റോഡിൽക്കൂടിയല്ലാതെ വാഹനം സ്വകാര്യവ്യക്തിയുടെ തോട്ടത്തിലൂടെ ഓടിച്ചുപോവുകയും അപകടത്തിൽപെടുകയുമായിരുന്നു.
സമീപത്ത് പട്രോളിംഗ് നടത്തുകയാായിരുന്ന പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സുഹൈറിന്റെ കൈവശം ഒരു പൊതി കാണുകയും പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പോലീസിനെ അക്രമിക്കുകയുമയിരുന്നു. സുഹൈറിനെതിരേ കഞ്ചാവ്, എംഡിഎംഎ എന്നിവ ഉപയോഗിച്ചതിനും അക്രമം നടത്തിയതിനും കേസുകളുണ്ട്.