മേൽക്കൂര തകർന്ന സ്കൂളിന്റെ അറ്റകുറ്റപ്പണി നടത്തിയില്ല
1543874
Sunday, April 20, 2025 5:02 AM IST
വാണിയന്പലം: കഴിഞ്ഞ മാസം 17ന് മഴയോടൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റിൽ വണ്ടൂർ വാണിയന്പലം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ തകർന്ന മേൽക്കൂരയിൽ അറ്റകുറ്റ പ്രവൃത്തികൾ നടത്താതെ അധികൃതർ. ഓടുകൾ തകർന്നു വീണതിനാൽ മഴ പെയ്താൽ വെള്ളം ക്ലാസ് മുറികളിലേക്കാണ് ഒലിച്ചിറങ്ങുന്നത്. തൊട്ടടുത്തായി സമാന രീതിയിൽ തകർന്ന എൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാകട്ടെ ദിവങ്ങൾക്കകം പുനർനിർമിച്ചിട്ടുമുണ്ട്.
സംഭവ ദിവസം ഒരേ വളപ്പിലുള്ള എൽപി വിഭാഗം കെട്ടിടത്തിന്റെയും ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെയും മേൽക്കൂരകളാണ് കാറ്റിൽ തകർന്നത്. അതിനുശേഷവും മേഖലയിൽ വേനൽ മഴ എത്തിയിരുന്നു. പലയിടത്തായി ഓടുകൾ തകർന്നു വീണതിനാൽ മഴവെള്ളം ക്ലാസ് മുറികളിലേക്കാണ് വരുന്നത്.
തൽക്കാലം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി പരിഹരിക്കാവുന്ന പ്രശ്നമായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് വാണിയന്പലം ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി. ഹാരിസ് ആരോപിക്കുന്നത്. വിദ്യാലയത്തിലേക്കുള്ള പ്രധാന വഴി മഴക്കാലമായാൽ തോടായി മാറും ഇതിനും പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.