റോഡ് സുരക്ഷാ വാഹന ജാഥ തുടങ്ങി
1544510
Tuesday, April 22, 2025 7:37 AM IST
മലപ്പുറം: വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കെതിരേ റോഡ് സുരക്ഷാ നിയമപരിപാലനവും ഒപ്പം ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം എന്നിവ ലക്ഷ്യമാക്കി ജില്ലാ ഭരണകൂടവും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറവും (റാഫ്) സംയുക്തമായി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിച്ചു.
10 ദിവസങ്ങളിലായി നടക്കുന്ന പ്രചാരണ ജാഥ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ്, റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു. ജില്ലയിലെ പ്രധാന ടൗണുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വീഡിയോ വാൾ സംവിധാനത്തോടെയാണ് പ്രചാരണം നടത്തുന്നത്. പോലീസ്, മോട്ടോർ വാഹനം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഡിഎം എൻ.എം. മെഹറലി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി.ജയചന്ദ്രൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. മനോജ്, ജില്ലാ വനിതാ ഫോറം പ്രസിഡന്റ് ബേബി ഗിരിജ, റാഫ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ജയൻ, കെ.പി.എം. ഷംസീർ ബാബു, കെ.ടി.എ. സമദ് പങ്കെടുത്തു.