വിദ്വേഷ പ്രചാരണത്തിനെതിരേ കർശന നടപടി: കളക്ടർ
1544502
Tuesday, April 22, 2025 7:37 AM IST
മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ്. ജില്ലാതല മതസൗഹാർദ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷവും സ്പർധയും അസത്യമായ വിവരങ്ങളും പ്രചരിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. മലപ്പുറത്തിന്റെ മതേതര പാരന്പര്യത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് ഇതിന് പിറകിൽ. ആരാധനാലയങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളോ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ആരാധനാലയങ്ങളുടെ സ്വത്തുവകകൾ സംബന്ധിച്ച തർക്കങ്ങളോ ഉണ്ടാവുകയാണെങ്കിൽ അതിൽ സാമൂഹ്യവിരുദ്ധർക്ക് ഇടം നൽകാതെ പെട്ടെന്ന് പരിഹാരം കാണാൻ ജാഗ്രത കാണിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ.എം. മെഹറലി, വിവിധ താലൂക്കുകളിലെ തഹസിൽദാർമാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങയവർ പങ്കെടുത്തു.