നിലന്പൂരിൽ തൃണമൂൽ കോണ്‍ഗ്രസിന് ഓഫീസായി
1543871
Sunday, April 20, 2025 5:02 AM IST
നിലന്പൂർ: പി.വി. അൻവറിന്റെ എംഎൽഎ ക്യാന്പ് ഓഫീസ് ഇനി തൃണമൂൽ കോണ്‍ഗ്രസിന്റെ ഓഫീസായി പ്രവർത്തിക്കും. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃണമൂൽ കോണ്‍ഗ്രസ് സജീവമാകുന്നതിന്റെ സൂചന നൽകിയാണ് കഴിഞ്ഞ ഒന്‍പത് വർഷത്തോളമായി പി.വി. അൻവറിന്റെ എംഎൽഎ ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിൽ ഇന്നലെ മുതൽ പുതിയ ബോർഡ് ഉയർന്നത്.
തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ ഫോട്ടോ ഉൾപ്പെടെ ബോർഡിലുണ്ട്. 2016-ൽ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി വിജയിച്ചതോടെയാണ് ആര്യാടൻ മുഹമ്മദിന്റെ വീടിന് സമീപം പി.വി. അൻവർ എംഎൽഎ ക്യാന്പ് ഓഫീസ് തുറന്നത്.
എന്തായാലും എട്ടര വർഷം ഇടതുനേതാക്കൾ കയറിയിറങ്ങിയ ഓഫീസ് ഇനി തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഓഫീസായി പ്രവർത്തിക്കും. പി.വി. അൻവർ, എംഎൽഎ സ്ഥാനം രാജിവച്ചതോടെ മാസങ്ങളായി ഈ ഓഫീസ് ആളനക്കമില്ലാതെ കിടക്കുകയായിരുന്നു.