നിലന്പൂർ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല: എളമരം കരീം
1544160
Monday, April 21, 2025 5:34 AM IST
നിലന്പൂർ: നിലന്പൂർ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. നിലന്പൂർ അകന്പാടത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നിലന്പൂരിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥി വരും. ഇടതുപക്ഷ നയങ്ങളുമായി യോജിക്കുന്നവരെ ഒപ്പം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലന്പൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകും. എൽഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമായ നിലന്പൂർ എൽഡിഎഫ് നിലനിർത്തും. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി തന്നെയാകും പ്രചാരണം. നിലന്പൂർ മണ്ഡലത്തിൽ നിലവിൽ എൽഡിഎഫിന് തന്നെയാണ് മുൻതൂക്കം.
പി.വി. അൻവർ ഒരു ഘടകമേ അല്ല. മുനന്പം വിഷയത്തിൽ മുസ്ലിം ലീഗ് നിയമസഭയിൽ മുനന്പം ജനതയെ കൈയേറ്റക്കാരായാണ് എടുത്തുകാട്ടിയത്. വഖഫ് ഭേദഗതി ബില്ലിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ബിജെപി മുനന്പം ജനതയോടെ പറഞ്ഞതും കളവാണെന്ന് എളമരം കരീം പറഞ്ഞു. രണ്ടു കൂട്ടരും മുനന്പം ജനതയെ വഞ്ചിക്കുകയാണ്.
സർക്കാർ മുനന്പം ജനതക്ക് ഒപ്പമാണ്. കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വ നയമാണ് വഖഫ് ഭേദഗതി ബില്ലിൽ നിന്ന് പ്രിയങ്കാഗാന്ധി വിട്ടുനിൽക്കാനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാസി സംസാരിക്കാതായിരിക്കാനും കാരണം. നെഹ്റു കുടുംബം 200 കോടിയുടെ അഴിമതി ആരോപണത്തിന്റെ മുൾമുനയിലാണെന്നും എളമരം കരീം പറഞ്ഞു.
നിലന്പൂരിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥി വരും. ഇടതുപക്ഷ നയങ്ങളുമായി യോജിക്കുന്നവരെ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.