വഴിയോര കച്ചവടം ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നു
1544513
Tuesday, April 22, 2025 7:37 AM IST
എടക്കര: ചുങ്കത്തറ പൂച്ചക്കുത്ത് വളവിലെ വഴിയോര കച്ചവടങ്ങൾ അന്തർസംസ്ഥാന പാതയിൽ ഗതാഗത തടസങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു. കെഎൻജി റോഡിൽ പിലാക്കുന്ന് വളവിലും സമീപങ്ങളിലുമാണ് കാലങ്ങളായി ഗുഡ്സ് ഓട്ടോകളിൽ പഴം, പച്ചക്കറി വിൽപ്പനയ്ക്കെത്തുന്ന വഴിയോര കച്ചവടക്കാർ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. അപകടങ്ങൾ നിത്യസംഭവമായതിനെത്തുടർന്ന് വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ അന്തർസംസ്ഥാന പാതയിൽ പിലാക്കുന്നിൽ നാല് ഹന്പുകൾ പൊതുമരാമത്ത് റോഡ് വിഭാഗം സ്ഥാപിച്ചിട്ടുണ്ട്.
റോഡിനിരുവശവും വാഹനവും പാർക്കിംഗും വഴിയോര കച്ചവടവും അനുവദിക്കില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിന് മുന്നിലാണ് അനധികൃത കച്ചവടങ്ങളും മറ്റും നടക്കുന്നത്. വാഹനങ്ങൾ വേഗത കുറച്ച് പോകുന്ന ഈ ഭാഗത്ത് വിവിധ തരം പഴം-പച്ചക്കറികൾ എന്നിവ വിൽപ്പന നടത്തുന്ന സംഘങ്ങൾ സജീവമാണ്.
വാഹനയാത്രക്കാർ പഴം, പച്ചക്കറികൾ വാങ്ങാൻ റോഡിൽ വാഹനം നിർത്തുന്നതോടെ ഗതാഗതം താറുമാറാകും. നൂറുക്കണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഇതുവഴി കടന്നുപേകുന്നത്.
ചിലപ്പോൾ മണിക്കൂറുകൾ നീണ്ട ഗതാഗത തടസം ഇവിടെ അനുഭവപ്പെടാറുണ്ട്. പഴം, പച്ചക്കറി വിൽപ്പനക്കാർക്ക് പുറമെ നിലന്പൂർ മേഖലയിലെ ചാരിറ്റി പ്രവർത്തകരും ചികിത്സാ സഹായ ഫണ്ടുകൾ ശേഖരിക്കുന്നവരും ഈ ഭാഗത്താണ് പിരിവിനിറങ്ങുന്നത്. ഇതോടെ കെഎൻജി റോഡ് വാഹനങ്ങൾകൊണ്ട് നിറയുകയും യാത്രക്കാർ വലയുകയും ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. തെരുവോര കച്ചവടക്കാരെ നിയന്ത്രിക്കാനോ ഗതാഗത തടസം നീക്കാനോ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.