പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
1543891
Sunday, April 20, 2025 5:05 AM IST
അങ്ങാടിപ്പുറം: പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ പ്രതീക്ഷയുടെ സന്ദേശം പകർന്ന് ഇന്ന് ഈസ്റ്റർ. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന പീഡാനുഭവ തിരുക്കർമങ്ങൾക്ക് ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരക്കൽ, അസിസ്റ്റന്റ് വികാരി ഫാ.സിറിൾ ഇലക്കുടിക്കൽ എന്നിവർ കാർമികത്വം വഹിച്ചു. പുത്തനങ്ങാടി സെന്റ് മേരീസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ചാക്കോ കൊച്ചുപറന്പിൽ വചനസന്ദേശം നൽകി.
പരിയാപുരത്ത് നിന്ന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ നൂറുക്കണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം പങ്കാളികളായി. ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരക്കൽ പീഡാനുഭവ സന്ദേശം നൽകി. ചീരട്ടാമല ക്രിസ്തുരാജ ദേവാലയ വികാരി ഫാ.സിജോ പുളിമൂട്ടിൽ, ഇടവക ട്രസ്റ്റിമാർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
ദുഃഖശനി ആചരണത്തിന്റെ ഭാഗമായി പുത്തൻ തീ-പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാന സ്നാന വ്രത നവീകരണം, വിശുദ്ധ കുർബാന എന്നിവയുണ്ടായി. ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾ ഇന്നലെ രാത്രി 10.30ന് തുടങ്ങി. ഇന്നു രാവിലെ ഏഴിനും വിശുദ്ധ കുർബാന നടന്നു. ഉയിർപ്പു തിരുനാൾ ആഘോഷത്തോടെ വിശുദ്ധവാരത്തിനു സമാപനമാകും.
മലപ്പുറം: മലപ്പുറം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിക്ക് വികാരി മോണ്‍. വിൻസെന്റ് അറയ്ക്കൽ നേതൃത്വം നൽകി.
നിലന്പൂർ: ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ഇടവക വികാരിമാർ നേതൃത്വം നൽകി. ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് പെരുവന്പാടത്തേക്ക് നടന്ന കുരിശിന്റെ വഴിയിൽ നൂറുക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇടവക വികാരി ഫാ. കുര്യാക്കോസ് കൂന്പക്കിൽ നേതൃത്വം നൽകി. മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് എച്ച് ബ്ലോക്കിലേക്ക് നടത്തിയ കുരിശിന്റെ വഴിക്ക് ഇടവക വികാരി ഫാ. ഷിൻറ്റോ പുലിക്കുഴിയിൽ നേതൃത്വം നൽകി.
നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന ദേവാലയത്തിൽ നടത്തിയ ദുഃഖവെള്ളി ശുശ്രൂഷകൾക്കും കുരിശിന്റെ വഴിക്കും നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന വികാരി ഫാ. ജെയ്സണ്‍ കുഴികണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. അനൂപ് കോച്ചേരി എന്നിവർ നേതൃത്വം നൽകി. വടപുറം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന കുരിശിന്റെ വഴിക്ക് ഇടവക വികാരി ഫാ. ബിജു നീലത്തറ നേതൃത്വം നൽകി.
ഇന്നലെ രാത്രി നടന്ന തിരുപിറവി ശുശ്രൂഷകളിലും വിശ്വാസികൾ പങ്കെടുത്തു. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ രാത്രി 10 മണിയോടെ ചടങ്ങുകൾക്ക് സമാപനമായി.വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻ ദേവാലയത്തിൽ നിന്ന് ടൗണ്‍ കുരിശ് പള്ളിയിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. നരിവാലമുണ്ട സെന്റ് ജോസഫ് ദേവാലയത്തിൽ കുരിശിന്റെ വഴി നടത്തി. വികാരി ഫാ. സുനിൽ മഠത്തിൽ നേതൃത്വം നൽകി.
കരുവാരകുണ്ട്: കരുവാരകുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ദുഃഖ വെള്ളിയാഴ്ചയോടനുബന്ധിച്ച് ക്രിസ്തുവിന്റെ പീഡസഹനവും കുരിശു മരണവും അനുസ്മരിച്ച് ഇടവക വിശ്വാസികൾ വികാരി ഫാ. ജോർജ് ആലുമുട്ടിൽ, സി. ജെയിൻ ഫ്രാൻസിസ്, ഇടവക കമ്മിറ്റി അംഗങ്ങളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തി. പ്രാർഥനകളോടൊപ്പം നടന്ന പ്രദക്ഷിണത്തിലും സ്ലീബാ വന്ദനത്തിലും കബറടക്ക ശുശ്രൂഷയിലും നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
എടക്കര: ക്രിസ്തുവിന്റെ കുരിശ് മരണം അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. പള്ളികളിൽ ഇന്നലെ വൈകുന്നേരം മുതൽ ഈസ്റ്ററിന്റെ കർമങ്ങൾ തുടങ്ങി.
ഉപ്പട മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ദുഃഖവെള്ളിയുടെ ചടങ്ങുകൾക്ക് ഫാ. മാത്യൂസ് വട്ടിയാനിക്കൽ നേതൃത്വം നൽകി.
മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ച് കുരിശിന്റെ വഴി നടത്തി. മണിമൂളി പള്ളിയിൽ നിന്ന് ആരംഭിച്ച് പാലാട് മുന്നൂർ വഴി പള്ളിയിലെത്തി. കുരിശിന്റെ വഴിയുടെ ആശീർവാദം വിശ്വാസികൾ ഏറ്റുവാങ്ങി. ഇടവക വികാരി ഫാ. ബെന്നി മുതിരക്കാലായിൽ, അസിസ്റ്റന്റ് വികാരി ഫാ. ജെറിൻ പൊയ്കയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.