കൊച്ചിയുടെ നീലാകാശത്ത് പാറിപ്പറന്ന് ചുങ്കത്തറ സ്കൂളിലെ എൻസിസി കേഡറ്റുകൾ
1544163
Monday, April 21, 2025 5:34 AM IST
എടക്കര: കൊച്ചിയുടെ നീലാകാശത്ത് പാറിപ്പറന്ന് ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂളിലെ എയർ വിംഗ് എൻസിസി കേഡറ്റുകൾ. പറക്കൽ പരിശീലനത്തിന്റെ ഭാഗമായാണ് കേഡറ്റുകളായ കെ. മിൻഹാൽ, എം. നജിൽ, പി. അൻഷിബ്, പി.എ. അനഘ, സേറ സൂസൻ ജോസഫ്, ആർസൂ തുഹ്ഫ, അമൽ സെൻഹ കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് എത്തിയതും പറക്കൽ പരിശീലനം നേടിയതും.
ഏപ്രിൽ 10 മുതൽ 19 വരെ എറണാകുളം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കോലഞ്ചേരി സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന എൻസിസിയുടെ വാർഷിക ക്യാന്പിൽ പങ്കെടുത്ത 45 കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കാണ് ആദ്യഘട്ടം പരിശീലനം ലഭിച്ചത്.
എയർവിംഗ് എൻസിസിയുടെ സിലബസിന്റെ ഭാഗമായാണ് പരിശീലനമെങ്കിലും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയുടെ ആകാശക്കാഴ്ചകൾ കാണാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കേഡറ്റുകൾ. എയർ വിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോലൈറ്റ് എയർക്രാഫ്റ്റിലാണ് കൊച്ചിയുടെ നീലവാനിൽ കേഡറ്റുകൾ പറന്നത്.
ടേക്ക് ഓഫ്, ലാൻഡിംഗ് എന്നിവയ്ക്ക് പുറമേ എയർക്രാഫ്റ്റിന്റെ പ്രവർത്തനങ്ങളും ഭാഗങ്ങളും കോക്ക് പിറ്റിനകത്തുള്ള സംവിധാനങ്ങളും കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. പരിശീലനത്തിന് കേരള എയർ വിംഗ് കമാൻഡിംഗ് ഓഫീസർ വിംഗ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് മുഖർജി, സ്കൂൾ എൻസിസി ഓഫീസർ ബ്രൈറ്റ് കെ. തോലത്ത് എന്നിവർ നേതൃത്വം നൽകി.