മേലാറ്റൂർ ആരോഗ്യകേന്ദ്രത്തിന് പുതിയ വാഹനം
1544508
Tuesday, April 22, 2025 7:37 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ മേലാറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ വാഹനമായി. എം.പി. അബ്ദുസമദ് സമദാനി എംപിയുടെ 2023-24 ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച വാഹനത്തിന്റെ താക്കോൽദാനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
സിഎച്ച്സി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. മുഹമ്മദലി താക്കോൽ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന മേലാറ്റൂർ സിഎച്ച്സിയുടെ പ്രവർത്തനങ്ങൾക്ക് വാഹനം വലിയ തോതിൽ പ്രയോജനപ്പെടും.
സെക്കൻഡറി പാലിയേറ്റീവ്, കുത്തിവയ്പ് ക്യാന്പുകൾ, ആരോഗ്യ സന്ദേശ കാന്പയിനുകൾ എന്നിവയ്ക്ക് ഏറെ പ്രയോജനകരമാകും വാഹനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, വികസനകാര്യ ചെയർമാൻ അയമു, ക്ഷേമകാര്യ ചെയർമാൻ അഡ്വ. നജ്മ തബ്ഷീറ, മെന്പർമാരായ നാലകത്ത് ഷൗക്കത്ത്, മുഹമ്മദ് നയിം, പ്രബീന ഹബീബ്, വിൻസി, കമലം, ഉമ്മുസൽമ, റജീന, യു.ടി. മുൻഷിർ, സെക്രട്ടറി കെ. പാർവതി എന്നിവർ പ്രസംഗിച്ചു.