അനുവദിച്ച പണം തിരിച്ചുപിടിച്ചെന്ന്; അങ്ങാടിപ്പുറം പഞ്ചായത്തിന് നഷ്ടം 14 കോടി
1544166
Monday, April 21, 2025 5:34 AM IST
അങ്ങാടിപ്പുറം: സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ഞെരുക്കം തീർക്കാൻ പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച പണം തിരിച്ചുപിടിച്ച് സർക്കാർ വൻ കൊള്ളയാണ് നടത്തുന്നതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ ആരോപിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിന് നൽകിയ ഫണ്ടിൽ നിന്ന് 14,01,15,981 രൂപയാണ് സർക്കാർ തിരിച്ചുപിടിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുകയും അവ ചെലവഴിക്കാൻ കർശനമായ നിയന്ത്രണങ്ങൾ വരുത്തുകയും ജീവനക്കാരെ നൽകാതെ കഷ്ടപ്പെടുത്തുകയും ഒടുവിൽ ഫണ്ട് ചെലവഴിച്ചില്ലെന്ന കാരണം പറഞ്ഞു തിരിച്ചുപിടിക്കുകയും ചെയ്യുന്ന തന്ത്രമാണ് സർക്കാർ നടത്തുന്നതെന്ന് പ്രസിഡന്റ് കെ.പി. സഈദയും വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലും പറഞ്ഞു.
2024 ഡിസംബറിൽ നൽകേണ്ട ഫണ്ട് 2025 മാർച്ച് മാസത്തിലാണ് സർക്കാർ നൽകിയത്. മാർച്ച് 31 വരെ ട്രഷറിയിൽ ബില്ലുകൾ സ്വീകരിക്കുന്നതിന് പകരം 26ന് തന്നെ ബില്ലുകൾ സ്വീകരിക്കൽ നിർത്തിവച്ച് മാർച്ച് 31ന് മുന്പ് ഫണ്ട് ചെലവഴിച്ചു തീർക്കണമെന്ന നിബന്ധന വച്ചു. ഈ സാന്പത്തിക വർഷമാണ് പഞ്ചായത്തിലെ 17 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
മാസങ്ങളോളം ഇവരുടെ കസേരകൾ ഒഴിഞ്ഞുകിടന്നു. എൻജിനീയറിംഗ് വിംഗിലെ ഓവർസിയർമാരുടെ ഒഴിവുകൾ വർഷങ്ങളായി നികത്തിയിട്ടില്ല. ട്രഷറി നിയന്ത്രണം കാരണം സമർപ്പിക്കുന്ന ബില്ലുകൾ മാറ്റി നൽകിയില്ല. ഇപ്രകാരം അനുവദിച്ച ഫണ്ട് ചെലവാക്കാൻ സർക്കാർ തന്നെ തടസങ്ങൾ സൃഷ്ടിക്കുകയും മാർച്ച് 31 കഴിയുന്പോൾ പഞ്ചായത്തിന്റെ അക്കൗണ്ടിലുള്ള പണമെല്ലാം തിരിച്ചെടുക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.