ലഹരിക്കെതിരേയുള്ള പ്രതിരോധം ഫലം കാണുന്നതായി സൂചന
1543586
Friday, April 18, 2025 5:25 AM IST
ഷാഫി ചങ്ങരംകുളം
ചങ്ങരംകുളം: ലഹരിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ലഹരിക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നതായി സൂചന.
മലപ്പുറം ജില്ലയിൽ പിടിമുറുക്കിയ ലഹരി സംഘങ്ങൾ താൽക്കാലികമായെങ്കിലും ഉൾവലിഞ്ഞതായാണ് അടുത്തിടെയുള്ള സ്റ്റേഷൻ കേസുകൾ സൂചന നൽകുന്നത്. എംഡിഎംഎ, കഞ്ചാവ് പോലുള്ള വീര്യം കൂടിയ ലഹരി ഉത്പന്നങ്ങളുടെ വിപണവും ഉപയോഗവും ഗ്രാമീണ മേഖലകളിൽ പോലും സജീവമായിരുന്നു.
പല സ്ഥലങ്ങളിലും ഇത്തരം സംഘങ്ങളുടെ ഭീഷണിയും അഴിഞ്ഞാട്ടവും നിത്യസംഭവമായി മാറുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും പോലീസിനൊപ്പം നാട്ടുകാരും ലഹരി വിരുദ്ധ കൂട്ടായ്മകൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി ഇറങ്ങിയതോടെയാണ് ഗ്രാമപ്രദേശങ്ങളിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ട് തുടങ്ങിയത്.
വിദ്യാർഥികൾ അടക്കമുള്ളവർ വൻ ലഹരി സംഘങ്ങളുടെ പിടിയിലാണെന്ന അപകടം തിരിച്ചറിഞ്ഞതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും വിവിധ സംഘടനകൾക്കൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം "ഓപറേഷൻ ഹണ്ട്’ എന്ന ദൗത്യവുമായി പോലീസും ഡാൻസാഫും ഏതാനും മാസമായി ലഹരികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം ജില്ലയിലെ എക്സൈസ് വിഭാഗവും പതിവില്ലാത്ത രീതിയിൽ ലഹരി വിൽപ്പനക്കാരെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടത്തി കൊണ്ടിരിക്കുന്നത്.
പലയിടത്തും നാട്ടുകാർ ലഹരി സംഘങ്ങൾക്കെതിരേ ഭീഷണി സ്വരത്തിലുള്ള പോസ്റ്ററുകൾ സ്ഥാപിച്ചതും ലഹരി ഇടപാടുകാർക്ക് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടുത്തിടെയായി ലഹരി കേസുകളിൽ താരതമ്യേന വലിയ രീതിയിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമാകുന്ന വിവരം.