മഴ: റബർ തോട്ടങ്ങളിൽ റെയ്ൻ ഗാർഡിംഗ് തുടങ്ങി
1543588
Friday, April 18, 2025 5:25 AM IST
കാളികാവ്: മഴ പെയ്തതോടെ റബർ തോട്ടങ്ങളിൽ റെയ്ൻ ഗാർഡിംഗ് തുടങ്ങി. വർഷക്കാലത്തും ടാപ്പിംഗ് നടത്തുന്നതിനാണ് മരങ്ങളിൽ പ്ലാസ്റ്റിക് പതിപ്പിക്കുന്ന പ്രവൃത്തി നേരത്തെ ആരംഭിച്ചത്. വൻകിട തോട്ടങ്ങളിലും ചെറുകിട തോട്ടങ്ങളിലുമെല്ലാം ഇത്തവണ നേരത്തെ തന്നെ പ്ലാസ്റ്റിക് പതിപ്പിക്കൽ ആരംഭിച്ചു.
റബർ വ്യവസായ മേഖലയിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം ഏറെ പ്രതീക്ഷയാണ് കർഷകർക്കും തൊഴിലാളികൾക്കും നൽകുന്നത്. ഉത്പാദനം കൂടുതൽ ലഭിക്കുന്ന മഴക്കാലത്ത് പരമാവധി റബർ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകർ റെയ്ൻ ഗാർഡിംഗ് നടത്തുന്നത്.
ജൂണ്, ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴയിലും ടാപ്പിംഗ് നടത്തുന്നതിന് വേണ്ടിയാണ് റബർ മരങ്ങളിൽ പ്ലാസ്റ്റിക് പതിപ്പിക്കുന്നത്. മഴക്കാലങ്ങളിൽ റബറിന് ഉത്പാദന ശേഷിയും കൂടുതലായിരിക്കും. ഈ വർഷം പലപ്പോഴായി വേനൽ മഴ ലഭിക്കുകയും വർഷക്കാലത്ത് മഴ നേരത്തെ എത്തുമെന്നും പ്രതീക്ഷിക്കുന്നതിനാൽ ഏപ്രിൽ മാസത്തിൽ തന്നെ റെയ്ൻ ഗാർഡിംഗ് തുടങ്ങി.
പ്ലാസ്റ്റിക്, ടാറ് തുടങ്ങിയ സാധനങ്ങളുടെ വില ഇത്തവണ വൻതോതിൽ ഉയർന്നിട്ടുണ്ട്. വൻകിട തോട്ടങ്ങളിൽ പോലും ഒരു റബർ മരം റെയ്ൻ ഗാർഡിംഗ് ചെയ്യണമെങ്കിൽ 30 മുതൽ 35 രൂപയോളം ചെലവ് വരും. റബർ ഷീറ്റിന് കിലോക്ക് 200 രൂപക്ക് മുകളിലാണ് ഇപ്പോൾ വില. ഒട്ടുപാലിന് 130 രൂപയ്ക്ക് മുകളിലും വില ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ മുപ്പത് രൂപയ്ക്ക് മുകളിലാണ് റബർ വിലയിൽ ഉയർച്ച ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റബർ വിപണി ഇപ്പോൾ ഉണർന്നത് കർഷകർക്ക് വലിയ ആശ്വാസമാണ്.