സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
1543589
Friday, April 18, 2025 5:25 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുലാമന്തോൾ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
ശുചിത്വം പാലിക്കാതെയും ആരോഗ്യ നിർദേശങ്ങൾ പാലിക്കാതെയും ഭക്ഷണവിതരണം നടത്തിയതിനും പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിനും മതിയായ രേഖകൾ കൈവശം വയ്ക്കാത്തതിനും പൊതുജനാരോഗ്യ നിയമപ്രകാരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കോട്പ നിയമപ്രകാരം പുകയില നിരോധന ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫിക്ക്, വി.പി. ധന്യ എന്നിവർ നേതൃത്വം നൽകി.
വരുംദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് ഫൈസൽ അറിയിച്ചു.