നിലമ്പൂർ ബൈപാസ് നിർമാണത്തിന് 227കോടി രൂപ അനുവദിച്ച് സർക്കാർ
1543289
Thursday, April 17, 2025 5:01 AM IST
നിലമ്പൂർ: ബൈപാസ് നിർമ്മാണത്തിന് 227 കോടി രൂപ അനുവദിച്ച് സർക്കാർ. ബൈപാസ് നിർമാണത്തിന് ധനാനുമതി നൽകിയതായി ധനകാര്യമന്ത്രി എൻ. ബാലഗോപാൽ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈപാസിന് പണം അനുവദിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയേക്കും.
നിലമ്പൂർ ബൈപാസിന് തടസം സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണെന്ന് മുൻ എംഎൽഎ പി.വി. അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ ബൈപാസ് നിർമാണം നടത്തുമെന്ന് എൽഡിഎഫ് നേതാക്കളും പറഞ്ഞിരുന്നു.
നിമ്പൂർ ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപാസ് റോഡ് നിർമ്മിക്കുക. പദ്ധതിക്കായി 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്.
നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലമ്പൂർ ബൈപാസ് സഹായിക്കും. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്.
തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഊട്ടി, ഗൂഡല്ലൂർ യാത്രകൾക്കിടയിൽ നിലമ്പൂരിൽ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാൻ നിർദിഷ്ട ബൈപാസിന് കഴിയും.