മഞ്ചേരി-ഒലിപ്പുഴ റോഡ്: സ്ഥലമേറ്റെടുപ്പ് ഉടൻ
1543295
Thursday, April 17, 2025 5:06 AM IST
മഞ്ചേരി: മഞ്ചേരി - ഒലിപ്പുഴ റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പ്രവൃത്തി സംബന്ധിച്ച് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ നഗരസഭയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. വർഷങ്ങൾക്ക് മുന്പ് ബജറ്റിൽ തുക അനുവദിച്ച പദ്ധതിയാണിത്. സാങ്കേതിക കാരണങ്ങളാൽ വൈകുകയാണ്. മഞ്ചേരി മുതൽ പാണ്ടിക്കാട് ഒലിപ്പുഴ വരെ 16 കിലോ മീറ്റർ ദൂരം വീതി കൂട്ടി ബിഎം ആൻഡ് ബിസി ചെയ്തു നവീകരിക്കുന്നതാണ് പദ്ധതി.
റോഡിന്റെ വീതി കൂട്ടി 13 മീറ്ററാക്കി ഉയർത്തും. ഇതിനായി വിവിധ സ്ഥലങ്ങളിൽ നിന്നായി 240 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കുന്നതിനായി 17 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. റോഡ് കടന്നുപോകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം നേരത്തെ മാർക്ക് ചെയ്തു സർവേകല്ല് സ്ഥാപിച്ചിരുന്നു.
സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർവേ പൂർത്തിയാകാനുണ്ട്. ഇതിനായി സർവേയറുടെ അഭാവം പദ്ധതി വൈകാൻ കാരണമാവുകയാണെന്നും യോഗത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി. നഗരസഭാ ചെയർപേഴ്സണ് വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. കബീർ,
നഗരസഭാ കൗണ്സിലർമാരായ മരുന്നൻ മുഹമ്മദ്, എ.വി. സുലൈമാൻ, കെ. അബ്ദുൾ അസീസ്, എം.പി. സിദ്ദീഖ്, ഹുസൈൻ മേച്ചേരി, പാണ്ടിക്കാട് പഞ്ചായത്ത് അംഗങ്ങളായ വി. ആയിഷുമ്മ, ടി.കെ. റാബിയത്ത്, കെ. കൃഷ്ണജ, കെആർഎഫ്ബി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. ഫിജു, സൂപ്പർ വൈസർ എൽ.എ. പ്രജിൻ, തഹസിൽദാർ കെ. ഹാരിസ എന്നിവർ പ്രസംഗിച്ചു.