അകന്പാട് വില്ലേജ് പരിധിയിൽ കുന്നിടിച്ച് നിർമാണ പ്രവൃത്തി വ്യാപകമെന്ന് പരാതി
1543592
Friday, April 18, 2025 5:25 AM IST
നിലന്പൂർ: അകന്പാടം വില്ലേജ് പരിധിയിൽ അനുമതിയില്ലാതെ കുന്നിടിച്ച് നിരത്തി റിസോർട്ട് നിർമാണവും നീന്തൽകുളം നിർമാണങ്ങളും ത്വരിതഗതിയിൽ നടക്കുന്നുവെന്ന് പരാതി. ഇതേത്തുടർന്ന് അകന്പാടം വില്ലേജ് ഓഫീസറുടെ ചുമതലയുള്ള കുറന്പലങ്ങോട് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.
വഴിക്കടവ് സ്വദേശി അബ്ദുൾ വാഹിദിന്റെ പരാതിയിലാണ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിക്കാൻ തയാറായത്. പരിസ്ഥിതി ലോല മേഖലകളിൽ നടക്കുന്ന കുന്നിടിക്കൽ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് നേരെ റവന്യൂ, ജിയോളജി വകുപ്പുകൾ കണ്ണടയ്ക്കുകയാണെന്നും പരാതിക്കാരൻ ഉന്നയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 2500 അടിയിലേറെ ഉയരത്തിലുള്ള ഈ പ്രദേശങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ ഇടിച്ച് നിരത്തി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഭൂമാഫിയകൾക്ക് അവസരം നൽകുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. 2018 ലെയും 2019 ലെയും പ്രളയങ്ങളിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ് ഇവിടം. നായാടംപൊയിൽ റോഡിന്റെ മുകളിൽ കക്കാടംപൊയിൽ ഭാഗത്തോട് ചേർന്ന് കിടക്കുന്ന കുന്നിൽമുകളിലാണ് അനധികൃത നിർമാണങ്ങൾ.
സ്വകാര്യവ്യക്തിയുടെ ഏകദേശം രണ്ടേമുക്കാൽ ഏക്കറോളം സ്ഥലത്താണ് ആവശ്യമായ അനുമതികൾ വാങ്ങാതെ പ്രവൃത്തികൾ നടത്തുന്നതെന്നാണ് പരാതി. ഇവിടെ മുന്പുണ്ടായിരുന്ന റിസോർട്ട് വാങ്ങിയ സ്വകാര്യവ്യക്തി പിന്നീട് അവിടെ ഉണ്ടായിരുന്ന റിസോർട്ട് പൊളിച്ചുനീക്കിയ ശേഷം വില്ലേജിന്റെയോ പഞ്ചായത്തിന്റെയോ ജിയോളജിയുടെയോ അനുമതി വാങ്ങാതെ മൂന്നോളം വെള്ളക്കെട്ടുകൾ വലിയ രൂപത്തിൽ തന്നെ യാതൊരു സുരക്ഷയും കൂടാതെ നിർമിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല ഇതിന്റെ പരിസരത്ത് പണ്ടുകാലത്ത് ഉണ്ടായിരുന്ന നീർച്ചോല ഇല്ലാതാക്കിയിട്ടുണ്ട്.
ഈ സ്ഥലത്ത് രേഖകൾ ഇല്ലാതെ നിർമിച്ച റിസോർട്ടുകൾക്ക് പെർമിറ്റ് നൽകരുതെന്നും മുന്പ് ഇവിടെ ഉണ്ടായിരുന്ന റിസോർട്ട് പൊളിച്ച് കളഞ്ഞതിനാൽ ആ റിസോർട്ടിന്റെ നന്പർ ഈ റിസോർട്ടിന് നൽകരുതെന്നും പരാതിക്കാരൻ പറഞ്ഞു. നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലന്പൂരിൽ എത്തുന്ന റവന്യൂ മന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് അബ്ദുൾ വാഹിദിന്റെ തീരുമാനം.