നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് പ്രചാരണ രംഗത്തേക്ക്
1543285
Thursday, April 17, 2025 5:01 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇന്ന് മുതൽ എൽഡിഎഫ് പ്രചാരണ രംഗത്തേക്ക്. സിപിഎം നിലന്പൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്ന് മുതൽ മണ്ഡലം കണ്‍വൻഷനുകൾ നടക്കും. ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും താഴെ തട്ടുമുതൽ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം.
പി.വി. അൻവർ രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മും എൽഡിഎഫും. പിണറായി സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തുന്ന പി.വി. അൻവറിന് രാഷ്ട്രീയമായി മറുപടി നൽകാൻ നിലന്പൂരിലെ വിജയം എൽഡിഎഫിന് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ എംഎൽഎ വിശദീകരിച്ചു.
എൽഡിഎഫ് മണ്ഡലം കണ്‍വീനർ ഇ. പത്മാക്ഷൻ അധ്യക്ഷത വഹിച്ചു. നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എം.സ്വരാജ്, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, കേരള കോണ്‍ഗ്രസ് -എം ജില്ലാ വൈസ് പ്രസിഡന്റ് സ്ക്കറിയ ക്നാ തോപ്പിൽ, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി. എം. ബഷീർ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ,
സിപിഐ ഏരിയാ സെക്രട്ടറി എം. മുജീബ് റഹ്മാൻ, എൻസിപിഎസ് നിലന്പൂർ ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ്, കേരള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വേട്ടേക്കോടൻ ഷംസുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇലക്ഷൻ പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.