പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
1543594
Friday, April 18, 2025 5:25 AM IST
അങ്ങാടിപ്പുറം: ലോകമെങ്ങുമുള്ള ക്രൈസ്തവർക്ക് ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണ ദിനം. ശിഷ്യൻമാരുടെ കാലുകൾ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ക്രൈസ്തവ പള്ളികളിൽ ഇന്നലെ പെസഹാ ആചരിച്ചു. വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു. വീടുകളിൽ വൈകിുന്നേരം അപ്പം മുറിക്കൽ ശുശ്രൂഷയുമുണ്ടായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ പെസഹാ ശുശ്രൂഷകൾക്ക് വികാരി ഫാ.ജോർജ് കളപ്പുരക്കൽ, അസിസ്റ്റന്റ് വികാരി ഫാ.സിറിൾ ഇലക്കുടിക്കൽ എന്നിവർ കാർമികത്വം വഹിച്ചു.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ ആരാധനയും നടന്നു. ദുഃഖവെള്ളി തിരുകർമങ്ങൾ ഇന്ന് രാവിലെ ഏഴിനാരംഭിക്കും. വൈകുന്നേരം നാലിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി.
നാളെ ദുഃഖശനി ആചരണത്തിന്റെ ഭാഗമായി രാവിലെ ഏഴിന് പുത്തൻ തീ - പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾ നാളെ രാത്രി 10.30ന് തുടങ്ങും. 20ന് രാവിലെ ഏഴിനും വിശുദ്ധ കുർബാനയുണ്ടാകും. ഈസ്റ്റർ ആഘോഷത്തോടെ വിശുദ്ധവാരത്തിനു സമാപനമാകും.
മലപ്പുറം: മലപ്പുറം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ പെസഹാ തിരുകർമങ്ങൾക്ക് വികാരി മോണ്. വിൻസെന്റ് അറയ്ക്കൽ കാർമികത്വം വഹിച്ചു. ഫാ. ജീവൻ വർഗീസ്, ഫാ. ഷോണി, ഫാ. വിൻസെന്റ് എന്നിവർ സഹകാർമികരായിരുന്നു.
കാളികാവ്: അടക്കാക്കുണ്ട് സെന്റ് ജോർജ് ദേവാലയത്തിൽ ഇന്ന് രാവിലെ എട്ടിന് ദുഃഖവെള്ളി തിരുകർമങ്ങൾക്കു തുടക്കമാകും. തുടർന്ന് 70 ഏക്കറിലേക്ക് കുരിശിന്റെ വഴി. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഞായർ പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുകർമങ്ങളും നടക്കും. ഫാ. നിർമൽ പുലയൻപറന്പിൽ പ്രധാന കാർമികത്വം വഹിക്കും.
കാളികാവ് സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ കുരിശിന്റെ വഴി, കൈപ്പുനീർ പാനം ചെയ്യൽ, തിരുസ്വരൂപ വണക്കം എന്നീ ദുഃഖവെള്ളി തിരുകർമങ്ങൾക്കും ഞായറാഴ്ച ഉയിർപ്പിന്റെ ഭക്തിനിർഭരമായ വിശുദ്ധ കുർബാനക്കും മറ്റു തിരുകർമങ്ങൾക്കും വികാരി ഫാ. റോയി കൂനാനിക്കൽ മുഖ്യകാർമികത്വം വഹിക്കും.
നിലന്പൂർ: നിലന്പൂർ മേഖലയിലെ ക്രൈസ്തവ പള്ളികളിൽ നടന്ന പെസഹാ ശുശ്രൂഷകളിൽ ആയിര ക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ദേവാലയങ്ങളിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് ഇടവക വികാരിമാർ നേതൃത്വം നൽകി. നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. ജെയ്സണ് കുഴിക്കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.അനൂപ് കോച്ചേരി എന്നിവർ നേതൃത്വം നൽകി.
വടപുറം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ബിജു നീലത്തറ, അസിസ്റ്റന്റ് വികാരി ഫാ. അജീഷ് ഐലാറ്റിൽ എന്നിവർ നേതൃത്വം നൽകി. ഇടിവണ്ണ സെന്റ് തോമസ് പള്ളിയിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് ഫാ. കുര്യാക്കോസ് കൂന്പക്കിൽ നേതൃത്വം നൽകി.