നിലന്പൂർ ബൈപാസിന് തുക അനുവദിച്ചത് ഗുണകരമാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്
1543595
Friday, April 18, 2025 5:25 AM IST
നിലന്പൂർ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലന്പൂർ ബൈപാസിന് പണം അനുവദിച്ചത് അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. ബൈപാസ് നിർമാണത്തിന് 227.18 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിലന്പൂർ ബൈപാസിന് തടസം സിപിഎം മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണെന്ന് പി.വി. അൻവർ ആരോപിച്ചിരുന്നു.
എന്നാൽ ഈ സർക്കാരിന്റെ കാലത്ത് തന്നെ ബൈപാസ് നിർമാണം നടത്തുമെന്ന് എൽഡിഎഫ് നേതാക്കളും പറഞ്ഞിരുന്നു. അതിനിടെയാണ് ബൈപാസിന് സ്ഥലം ഏറ്റെടുക്കാനും നിർമാണത്തിനുമായി പണം അനുവദിച്ചത്.അതേസമയം ബൈപാസിന് തുക അനുവദിച്ചതിൽ എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
നിലന്പൂർ സിപിഎം ഓഫീസ് പരിസരത്തു നിന്ന് തുടങ്ങിയ ആഹ്ലാദ പ്രകടനം ടൗണ് ചുറ്റി ആശുപത്രി റോഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു.
ബൈപാസ് സംബന്ധിച്ച് മുൻ എംഎൽഎ പി.വി. അൻവറും യുഡിഎഫും നടത്തുന്ന പ്രചാരണം തെറ്റാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും ഈ സർക്കാരിന്റെ കാലത്ത് തന്നെ ബൈപാസ് നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഏരിയാ സെക്രട്ടറി കെ. മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി എം. മുജീബുറഹ്മാൻ, എൻസിപി ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ്, ഐഎൻഎൽ ജില്ലാ കമ്മിറ്റിയംഗം പറാട്ടി കുഞ്ഞാൻ, നിലന്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സണ് അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.