കാരുണ്യ യാത്രയിലൂടെ ലഭിച്ചത് 5.66 ലക്ഷം; തുക ഡയാലിസിസ് സെന്ററിന് കൈമാറി
1543049
Wednesday, April 16, 2025 8:00 AM IST
മഞ്ചേരി: വൃക്ക രോഗികൾക്കായി ’ഇൻഷാസ് ബസ്’ സംഘടിപ്പിച്ച കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ചത് 5,66,031 രൂപ. തുക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെന്ററിന് കൈമാറി. പ്രവാസിയായ എടത്തനാട്ടുകര പാറക്കോടൻ ഫിറോസ്ഖാൻ ആണ് ബസ് ഉടമ. ഇക്കഴിഞ്ഞ റംസാൻ 27നാണ് വൃക്ക രോഗികൾക്ക് വേണ്ടി ഇൻഷാസ് ബസും ജീവനക്കാരും മുന്നിട്ടിറങ്ങിയത്.
ബസ് ഓടിയ വകയിൽ ലഭിച്ചതും യാത്രക്കാരുടെ സംഭാവനയും ജീവക്കാരുടെ ഓഹരിയും ജീപേ വഴി ലഭിച്ച തുകയുമടക്കം ചുരുങ്ങിയ സമയത്തിനകം വലിയൊരു തുകയാണ് കണ്ടെത്താനായത്. സമാഹരിച്ച തുക മേലാറ്റൂർ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാഫിസ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് കൈമാറി. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. മുജീബ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറന്പിൽ മുഖ്യാതിഥിയായിരുന്നു. ചെറിയാപ്പു എരൂത്ത് ആമുഖ പ്രഭാഷണം നടത്തി. ഹസൻ ദാരിമി കുട്ടശേരി പദ്ധതി വിശദീകരിച്ചു.