ചോക്കാട് മ്യൂക്കുണ വള്ളി പടരുന്നു; ആശങ്ക
1543287
Thursday, April 17, 2025 5:01 AM IST
കാളികാവ്: ചോക്കാട് ആദിവാസി നഗറിന് സമീപം അപകടകരമായ നിലയിൽ മ്യൂക്കുണ വള്ളികൾ (തോട്ടപ്പയർ) വ്യാപിച്ചു. കൊട്ടൻ ചോക്കാടൻ വനമേഖല നാശത്തിന്റെ വക്കിലായി. കൊട്ടൻ ചോക്കാടൻ മലവാരങ്ങളിൽ തോട്ടപ്പയർ ഇനത്തിൽ പെട്ട മ്യൂക്കുണ വള്ളികളാണ് മറ്റു സസ്യങ്ങൾക്കെല്ലാം ഭീഷണിയായി വ്യാപിച്ചത്. തോട്ടങ്ങളിൽ പുല്ലും കുറ്റിക്കാടുകളും ഇല്ലാതാക്കാനും മണ്ണിൽ ഈർപ്പവും പ്രകൃതിദത്തമായ നൈട്രജൻ വളവും നൽകുന്നതിനും വേണ്ടിയാണ് മ്യൂക്കുണ വള്ളികൾ ഉപയോഗിക്കുന്നത്.
എന്നാൽ മ്യൂക്കുണയുടെ വളർച്ചയും വ്യാപനവും കാരണം നാല്പത് സെന്റ് വനമേഖലയ്ക്ക് ദോഷകരമാവുകയാണ്. ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ വള്ളിയുടെ വളർച്ച വളരെ വേഗത്തിലാണ് നടക്കുന്നത്.
നിരവധി ഏക്കറുകളിലെ സ്വാഭാവിക വനത്തെ ഇതിനകം വള്ളികൾ മൂടിക്കഴിഞ്ഞു. ഈ പ്രദേശത്തെ അടിക്കാടുകൾ മാത്രമല്ല വൻമരങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം മ്യൂക്കുണ വള്ളി വിഴുങ്ങിയിരിക്കുകയാണ്. വൻ മരങ്ങളിൽ പടർന്നു കയറുന്ന വള്ളികൾ അധികം വൈകാതെ മരങ്ങളെ ഇല്ലാതാക്കിക്കളയും. വൻകിട റബർ തോട്ടങ്ങളിലെ അടിക്കാട് നശിപ്പിക്കുന്നതിനായി ഈ വള്ളികൾ മുന്പ് തന്നെ ഉപയോഗത്തിലുണ്ട്. റബർ മരങ്ങൾ വലുതാകുന്പോൾ തോട്ടങ്ങളിലെ വള്ളികൾ നശിപ്പിക്കാറാണ് പതിവ്.
എന്നാൽ വനമേഖലയിൽ കയറികൂടുന്ന വള്ളികൾ അനിയന്ത്രിതമായി വളർന്നു വ്യാപിക്കുകയാണ്. അതി വേഗത്തിലാണ് ഇതിന്റെ വളർച്ചയെന്നതാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത്. വനത്തോട് ചേർന്ന റബർ തോട്ടങ്ങളിൽ നിന്നാണ് മ്യൂക്കുണ വള്ളി വനത്തിലേക്ക് പടർന്ന് പിടിച്ചത്. വള്ളികൾ പിഴുതുമാറ്റുന്നതിനായി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാറില്ല.
പെടയന്താൾ പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും ചോക്കാട് വന സംരക്ഷണ സമിതി പ്രവർത്തകരും പലപ്പോഴായി വള്ളികൾ വെട്ടിമാറ്റാറുണ്ട്. അതൊന്നും വ്യാപനം തടയാൻ സാധ്യമാകുന്നില്ല. ഔഷധ സസ്യങ്ങളുടെ വ്യാപക നാശത്തിന് കാരണമാകുന്നതോടൊപ്പം അടിക്കാടുകൾ നശിക്കുന്നത് മൂലം വന്യജീവികളുടെ ആവാസ വ്യവസ്ഥയും താളം തെറ്റാനിടയാകും.