പുല്‍പ്പറ്റയില്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റർ ശിലാസ്ഥാപനം 19ന്
1543590
Friday, April 18, 2025 5:25 AM IST
മഞ്ചേരി: സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ നിര്‍മാണത്തിനൊരുങ്ങുന്നു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിഭാഗത്തെ ചേര്‍ത്തുപിടിക്കുന്നതിനായി പുല്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് പദ്ധതി.
ഇതിനായി പഞ്ചായത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ച് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിനു വേണ്ടി ഉദാരമതികളുടെ സഹകരണം തേടുകയും ജനകീയ ഫണ്ട് സമാഹരണത്തിലൂടെ വളമംഗലത്ത് ഒരു ഏക്കറോളം ഭൂമി 30 ലക്ഷം രൂപ ചെലവഴിച്ച് ഏറ്റെടുക്കുകയുമായിരുന്നു.
ഇവിടെ മൂന്ന് നിലകളിലായി 20000 ചതുരശ്ര അടി വിസ്തൃതിയില്‍ ഉയരുന്ന കേന്ദ്രത്തിന് ഒമ്പതുകോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിന്റെ പ്രവൃത്തിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ഇതിനായി പുല്പറ്റ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഒരു കോടി ഇരുപത്തിനാല് ലക്ഷം രൂപയും 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 20 ലക്ഷം രൂപയുമാണ് വകിയിരുത്തിയിട്ടുള്ളത്. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ 50 ലക്ഷം രൂപയും വകയിരുത്തിത്തിയിട്ടുണ്ട്.
കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനം കര്‍മം 19ന് വൈകുന്നേരം മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും.