മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: ട്രയല്‍ റണ്ണിനോട് സമ്മിശ്ര പ്രതികരണം
1543591
Friday, April 18, 2025 5:25 AM IST
മഞ്ചേരി: രണ്ട് ദിവസങ്ങളിലായി മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച ഗതാഗത പരിഷ്കാരത്തോട് യാത്രക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ (ആര്‍ടിഎ) തീരുമാന പ്രകാരമാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ പുതിയ ട്രാഫിക് റൂട്ട് പ്രകാരമാണ് വാഹനങ്ങള്‍ സര്‍വീസ് നടത്തിയത്.
ഇതിനായി കച്ചേരിപ്പടി, സെന്‍ട്രല്‍ ജംഗ്ഷന്, സിഎച്ച് ബൈപാസ്, തുറക്കല്‍, ജസീല ജംഗ്ഷന് എന്നിവിടങ്ങളില്‍ പോലീസിനെ വിന്യസിച്ചിരുന്നു. പ്രധാന റോഡുകളില്‍ വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയതാണ് യാത്രക്കാരെ അങ്കലാപ്പിലാക്കിയത്. പുതിയ സംവിധാനം പലയിടങ്ങളിലും ഗതാഗത കുരുക്കിനിടയാക്കി.
സെന്‍ട്രല്‍ ജംഗ്ന്‍ മുതല്‍ ജസീല ജംഗ്ഷന് വരെയാണ് കൂടുതല്‍ തിരക്കുണ്ടായത്. മറ്റു റോഡുകളില്‍ കാര്യമായ തിരക്ക് ഉണ്ടായില്ല. പോലീസും നാട്ടുകാരും ഇടപെട്ട് കുരുക്ക് ഒഴിവാക്കാന്‍ ശ്രമം നടത്തി. ട്രയല്‍ റണ്‍ നടത്തി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷം അപാകതകള്‍ പരിഹരിച്ച് മാത്രമേ പരിഷ്കാരങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കൂവെന്ന് പോലീസ് അറിയിച്ചു.
ഗതാഗത പരിഷ്കാരം സംബന്ധിച്ച് യാത്രക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. പരിഷ്കാരം നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചെന്ന് അഭിപ്രായമുള്ളവരും ട്രയല്‍ റണ്‍ വിജയിപ്പിച്ച് കുരുക്ക് അഴിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. മഞ്ചേരിയിലൂടെ കടന്നുപോകുന്ന മുഴുവന്‍ ബസുകള്‍ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ നഗരത്തിലെത്തുന്ന തരത്തിലാണ് പുതിയ പരിഷ്കാരം.
മലപ്പുറം റോഡില്‍ കച്ചേരിപ്പടി മുതല്‍ സെന്‍ട്രല്‍ ജംഗ്ന്‍ വരെ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. സെന്‍ട്രല്‍ ജംഗ്ഷന് മുതല്‍ ജസീല ജംഗ്ഷന് വരെയും വണ്‍വേ സംവിധാനമാക്കി. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് വണ്‍വേ ആക്കിയിരുന്നു. മലപ്പുറം ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്, മെഡിക്കല്‍ കോളജ് എന്നിവയിലേക്ക് പോകാന്‍ ഈ വഴി ഉപയോഗിച്ചു.
കോടതിയടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍ കൂടുതല്‍ പ്രയാസമുണ്ടായില്ല. ട്രയല്‍ റണ്‍ സംബന്ധിച്ച അവലോകനത്തിന് ശേഷം പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭ എന്നിവര്‍ ചേര്‍ന്ന സംയുക്ത പരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കും.
ഗതാഗത പരിഷ്കാരം ക്രമീകരണങ്ങൾ ഒരുക്കാതെയെന്ന് ആക്ഷേപം
മഞ്ചേരി: ഗതാഗത പരിഷ്കാരം നടപ്പാക്കിയത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാതെയെന്ന് ആക്ഷേപം. സൈന്‍ ബോര്‍ഡും മറ്റു ക്രമീകരണങ്ങളും നടത്താതെയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇത് വാഹനങ്ങള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചു.
വണ്‍വേ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. ട്രാഫിക് സിഗ്നലും സ്ഥാപിച്ചിട്ടില്ല. പരിഷ്കാരം ട്രയല്‍ റണ്‍ നടത്താന്‍ അവധി ദിനം തെരഞ്ഞെടുത്തതും പലരും ചോദ്യം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റു ഓഫീസുകളും അവധി ആയതിനാല്‍ നിരത്തില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ട്രയല്‍ റണ്ണിന് ശേഷം പ്രവൃത്തി ദിനങ്ങളില്‍ നഗരത്തില്‍ തിരക്ക് കൂടുമോ എന്നത് കണ്ടറിയണം.
ഗതാഗത പരിഷ്കാര പരീക്ഷണം പരാജയമെന്ന്
മഞ്ചേരി: മഞ്ചേരിയില്‍ ഇന്നലെ ആര്‍ടിഎ നടത്തിയ ഗതാഗതപരിഷ്കാര പരീക്ഷണം തികച്ചും പരാജയമെന്ന് ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ല കമ്മിറ്റി. പരിഷ്കാരം സ്വകാര്യ ബസുകള്‍ക്കും യാത്രക്കാര്‍ക്കും വലിയ കുരുക്കായിട്ടുണ്ടെന്നും ഈ രീതിയില്‍ നടപ്പിലാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടി. ബസുകള്‍ക്ക് ഇന്നലെ സമയത്ത് ഓടിയെത്താനായില്ല. പല ട്രിപ്പുകളും റദ്ദാക്കേണ്ടി വന്നു. യാത്രക്കാരും നെട്ടോട്ടമോടുന്ന സ്ഥിതിയായിരുന്നു.
മഞ്ചേരിയില്‍ ബസുകളുടെ മേലില്‍ പുതിയ ട്രാഫിക് പരിഷ്കാരം അടിച്ചേല്‍പ്പിക്കരുതെന്നും ബസുകള്‍ക്ക് പഴയ രീതി തുടരണമെന്നും യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍, ജനറല്‍ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ല ഭാരവാഹികളായ വാക്കിയത്ത് കോയ, കുഞ്ഞിക്ക കൊണ്ടോട്ടി, വി.പി. ശിവാകരന്‍, എം. ദിനേശ് കുമാര്‍, കെ.എം.എച്ച്. അലി, യൂസഫ് വടക്കന്‍, റസാക്ക് പകര, കെ.എം. സെബീര്‍, സി. മുഹമ്മദ് കൊണ്ടോട്ടി, നിയാസ് ചാലിയാര്‍, ബാബുരാജ് മലപ്പുറം, ഷൗക്കത്തലി ഉള്ളാട്ട് പറമ്പന്‍, റാഫി ദോസ്ത് എന്നിവര്‍ സംസാരിച്ചു.
ഇന്നലെ നടന്ന ട്രയല്‍ റണ്ണില്‍ പകുതിയോളം ബസുകള്‍ക്കാണ് ട്രിപ്പുകള്‍ മുടക്കേണ്ടി വന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.
പരിഷ്കാരം വേണ്ട: കേരളാ കോണ്‍ഗ്രസ്- ജേക്കബ്
മഞ്ചേരി: നഗരത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച പുതിയ പരിഷ്കരണം ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി. പെരിന്തല്‍മണ്ണ, മലപ്പുറം കോട്ടക്കല്‍, തിരൂര്‍, കിഴിശ്ശേരി എന്നീ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓപറേറ്റ് ചെയ്യുകയും ഇവിടെ തന്നെ അവസാനിപ്പിക്കുകയും വേണം. മഞ്ചേരിയിലെ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്.
വീതി കുറഞ്ഞ റോഡുകളാണ്. ഇതിനും പരിഹാരം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അക്ബര്‍ മീനായി ഉദ്ഘാടനം ചെയ്തു. മഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ് പി. സി. ഷബീര്‍ അധ്യക്ഷത വഹിച്ചു. അലി മുക്കം, ഷംസുദ്ദീന് തടപ്പറമ്പ്, സുനില്‍ ജേക്കബ്, ബിനോയ് പയ്യനാട്, മുഹമ്മദ് ഹനാന് മുക്കം, റിയാസ് പാലായി, കെടിയുസി ജേക്കബ് ഓട്ടോ തൊഴിലാളി യൂണിയന് നേതാക്കളായ നാസര്‍ പുല്ലാര, ഫസല്‍ മുടിക്കോട്, മുനീര്‍ ആലിക്കല്‍ എന്നിവര്‍ സംസാരിച്ചു.