മലപ്പുറത്ത് ചങ്ക്സ് ഓട്ടോ ഇൻഷ്വറൻസ് പദ്ധതിയായി
1543050
Wednesday, April 16, 2025 8:00 AM IST
മലപ്പുറം: സാധാരണക്കാർക്ക് താങ്ങാവാൻ കഴിയുന്പോഴാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വ നിർവഹണം പൂർത്തിയാകുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. മലപ്പുറം നഗരസഭ ഓട്ടോറിക്ഷ തൊഴിലാളികൾക്കായി ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയായ ചങ്ക്സ് ഓട്ടോ പദ്ധതിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഒട്ടനവധി ദേശീയശ്രദ്ധ ആകർഷിച്ച പദ്ധതികൾ നടപ്പാക്കിയ മലപ്പുറം നഗരസഭ സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടിയും ഭാവന സന്പൂർണമായ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ഈ പദ്ധതി പ്രകാരം വാഹനാപകടം, വീഴ്ച മൂലമുണ്ടാകുന്ന അപകടം, ക്ഷുദ്രജീവികളിൽ നിന്നുണ്ടാകുന്ന അപകടം, മറ്റു പൊതുവായ അപകടങ്ങൾക്ക് അൻപതിനായിരം രൂപ വരെ ചികിത്സ സഹായവും അംഗവൈകല്യം സംഭവിക്കുകയോ പൂർണമായി കിടപ്പിലാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒരു ലക്ഷം രൂപയും മരണം സംഭവിക്കുന്ന സാഹചര്യത്തിൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപയും ഉൾപ്പെടെ നൽകുന്ന ഇൻഷ്വറൻസ് പദ്ധതിയാണിത്.
ആയിരത്തോളം വരുന്ന മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വേണ്ട ഇൻഷ്വറൻസ് പ്രീമിയം നഗരസഭയാണ് അടവാക്കുന്നത്.
തൊഴിലാളികൾക്ക് പദ്ധതി പൂർണമായും സൗജന്യമാണ്. നിലവിൽ സർക്കാർ മാനദണ്ഡങ്ങളിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി (സിഎസ്ആർ) ഫണ്ട് കണ്ടെത്തിയാണ് നഗരസഭ പദ്ധതിക്ക് വേണ്ട പണം കണ്ടെത്തിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സണ് കുഞ്ഞിപ്പു കൊന്നോല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൾ ഹക്കീം, പരി അബ്ദുൾ ഹമീദ്, മറിയുമ്മ ഷെരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ പ്രസംഗിച്ചു.