കരിങ്കൽ കടത്തുകയായിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു
1543290
Thursday, April 17, 2025 5:01 AM IST
നിലമ്പൂര്‍: മമ്പാട് കണ്ണക്കന്‍ കടവിലെ അനധികൃത കരിങ്കല്‍ ക്വാറിയില്‍ നിന്ന് കരിങ്കല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രവും ട്രാക്ടറും നിലമ്പൂര്‍ പോലീസ് പിടിച്ചെടുത്തു. അനധികൃത കരിങ്കല്‍ ക്വാറിയില്‍ നിന്ന് വ്യാപകമായി കരിങ്കല്‍ കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ നിലമ്പൂര്‍ സ്റ്റേഷനിലെ എസ്ഐ തോമസ്കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കരിങ്കല്‍ കയറ്റാന്‍ എത്തിയ 10 ടിപ്പര്‍ ലോറികളും കരിങ്കല്‍ ലോറിയില്‍ ഉണ്ടായിരുന്ന ഒരു ട്രാക്ടറും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തത്.
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നിലമ്പൂര്‍ കെഎന്‍ജി റോഡിന് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. പുള്ളിപ്പാടം വില്ലേജ് പരിധിയില്‍ അനധികൃത ക്വാറി പ്രവര്‍ത്തിച്ചിട്ടും വില്ലേജ് അധികൃതര്‍ നടപടി എടുത്തിരുന്നില്ല. പുള്ളിപ്പാടം വില്ലേജ് പരിധിയിലെ എട്ടാം ബ്ലോക്കില്‍ അനധികൃത റോഡ് നിര്‍മാണം നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
രാഷ്ട്രീയ-ഭൂമാഫിയ-ഉദ്യോഗസ്ഥ കൂട്ടുക്കെട്ടാണ് പുള്ളിപ്പാടം വില്ലേജില്‍ ലൈസന്‍സ് ഇല്ലാതെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിനും റോഡ് നിര്‍മാണങ്ങൾ തുടരാനും കാരണമാകുന്നതെന്നാണ് ആക്ഷേപം.