എൻക്യുഎസ്, ലക്ഷ്യ അംഗീകാരം നേടി നിലമ്പൂര്‍ ജില്ലാ ആശുപത്രി
1543284
Thursday, April 17, 2025 5:01 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്കോറോടെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയത്.
മാതൃ ശിശു പരിചരണത്തിന് ലക്ഷ്യ സ്റ്റാന്‍ഡേർഡ്സിലേക്ക് ഉയര്‍ത്തിയതിന് മെറ്റേണല്‍ ഓപറേഷന് തിയറ്റര്‍ 95.74 ശതമാനം സ്കോറും ലേബര്‍ റൂം 90.25 ശതമാനം സ്കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരവും 14 ആശുപത്രികള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ അംഗീകാരങ്ങള്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 21 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മൂന്ന് നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ ഐസിയുകള്‍ സജ്ജമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വയോജന വാര്‍ഡുകള്‍ സജ്ജമാക്കി.
സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായ നിര്‍ണയ ഹബ് ആന്‍ഡ് സ്പോക്ക് ലാബ് നെറ്റ് വര്‍ക്കിംഗിലെ ഹബ് ലാബായി തെരഞ്ഞെടുത്ത ജില്ലയിലെ ആദ്യത്തെ ലാബോറട്ടറിയാണ് നിലമ്പൂര്‍ ജില്ലാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലാബ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യത്തോടെയുള്ള രക്ത ബാങ്ക്, മോഡുലാര്‍ ഓപറേഷന് തിയറ്റര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
അത്യാഹിത വിഭാഗം, ജനറല്‍, സ്പെഷാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് നല്‍കിവരുന്നത്. ദിവസവും രണ്ടായിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 300 ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.
ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചികിത്സിക്കുന്നതിനായി ഐസിയു സംവിധാനം സജ്ജമാണ്. ആദിവാസി മേഖലയിലെ ഈ ആശുപത്രിയ്ക്ക് കാത്ത് ലാബിനായി ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാലു ഷിഫ്റ്റില്‍ നാല്പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതി കൂടിയാണ് ഈ ദേശീയ അംഗീകാരം.