വെള്ളാപ്പള്ളിയുടെ മലപ്പുറം വിവാദ പരാമർശത്തിനെതിരേ പ്രതിഷേധം ശക്തം
1540068
Sunday, April 6, 2025 5:45 AM IST
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ പ്രതിഷേധം ശക്തം. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി നാഷണൽ ലീഗ്. വെള്ളാപ്പള്ളി നടേശനെതിരേ കലാപാഹ്വാനത്തിന് ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്.
ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം കണ്വൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ജില്ലയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അഭിപ്രായപ്പെട്ടു.
കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണെന്നും പി.എം.എ. സലാം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി.
ജില്ലക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും വെള്ളാപ്പള്ളിയെ ബന്ധപ്പെട്ടവർ നിയന്ത്രിക്കണമെന്നും എസ്കെഎസ്എസ്എസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്റെ ചുങ്കത്തറയിലെ വിവാദ പ്രസംഗത്തിനെതിരേ പരാതിയുമായി എഐവൈഎഫ്. എടക്കര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് നിലന്പൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണൻ അന്പാടി ഇതു സംബന്ധിച്ച് പരാതി നൽകിയത്. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരമായ മലപ്പുറം വിരുദ്ധ പ്രസ്ഥാവനയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.