ജലജീവൻ മിഷൻ പദ്ധതി: 2,17,723 കണക്ഷൻ നൽകി : 4,36,213 കുടുംബങ്ങൾക്ക് കൂടി കണക്ഷൻ ലഭ്യമാക്കും
1539810
Saturday, April 5, 2025 5:35 AM IST
മലപ്പുറം: ജൽജീവൻ മിഷൻ പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ പൂർത്തിയായത് 2,17,723 കുടിവെള്ള കണക്ഷനുകൾ. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്.
2020ൽ പദ്ധതി ആരംഭിക്കുന്നതിന് മുന്പ് 1,43,576 കുടിവെള്ള കണക്ഷനുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ നിലവിൽ 3,61,299 കുടുംബങ്ങളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. 4,36,213 കുടുംബങ്ങൾക്ക് കൂടി ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കണക്ഷൻ ലഭ്യമാക്കും.
ജില്ലയിലെ 90 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പൂർത്തീകരിക്കുന്നതിനായി 5957 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 2024-25 സാന്പത്തിക വർഷത്തിൽ 184.5 കോടി രൂപ പദ്ധതികൾക്ക് ചെലവഴിച്ചിട്ടുണ്ട്. കൂടാതെ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മുനിസിപ്പാലിറ്റികളിൽ കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നുണ്ട്.
ഈ പദ്ധതിയിൽ 12.97 കോടി രൂപയാണ് കുടിവെള്ള പദ്ധതികൾക്ക് ചെലവാക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ജില്ലയിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
യോഗത്തിൽ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി അധ്യക്ഷത വഹിച്ചു. നിലവിലെ പ്രവൃത്തിയുടെ പുരോഗതിയെക്കുറിച്ച് യോഗം വിലയിരുത്തി. വിവിധ പഞ്ചായത്തുകളിലെ റോഡിന്റെ പുനരുദ്ധാരണം വേഗമാക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർ നിർദേശിച്ചു.
പദ്ധതികൾക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ലഭ്യമാകാൻ പഞ്ചായത്ത് പ്രസിഡന്റുമാരോട് ഉദ്യോഗസ്ഥർ യോഗത്തിൽ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന് സമർപ്പിച്ച ക്ലെയിമുകൾ അനുവദിച്ച് നൽകുവാനും യോഗത്തിൽ ധാരണയായി.
കൊണ്ടോട്ടി എംഎൽഎ ടി.വി. ഇബ്രാഹിം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.