ജില്ലയിൽ കോട്ടെരുമകളുടെ ശല്യമേറുന്നു
1540492
Monday, April 7, 2025 5:27 AM IST
മഞ്ചേരി: ജില്ലയിലെ വിവിധ മേഖലകളിൽ കോട്ടെരുമ പ്രാണികൾ സംഘടിതമായ ആക്രമണം നടത്തുന്നു. വണ്ടൂർ, നിലന്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, എളങ്കൂർ, കരുവാരക്കുണ്ട്, കുട്ടശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കുടുംബങ്ങളാണ് കോട്ടെരുമ ശല്യം കാരണം ദുരിതത്തിലാകുന്നത്. മുപ്ലിവണ്ട്, കരിഞ്ചെള്ള്, കട്ടുറുമ എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രാണിയാണ് ആളുകളെ ദുരിതത്തിലാക്കുന്നത്. റബർ മരങ്ങൾ, തേയില തുടങ്ങിയുള്ള തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ചൂട് വർധിക്കുകയും വേനൽ മഴ ലഭിക്കുകയും ചെയ്യുന്നതോടെ ഇവ വ്യാപകമാകുന്നു.
പഴുത്ത് വീഴുന്ന റബറിന്റെ ഇലകൾ ഭക്ഷിക്കാനായാണ് ഇവയെത്തുന്നത്. വൈകുന്നേരം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുത വിളക്കുകൾ തെളിയുന്നതോടെ ഇവ കൂട്ടമായി എത്തുന്നു. ഭക്ഷണം കഴിക്കാനും വീടുകളിൽ വിളക്ക് തെളിയിക്കാനും കത്തിക്കാനും കഴിയാത്ത അവസ്ഥയാണ്. സ്വൈരമായി കിടന്നുറങ്ങാനും കഴിയുന്നില്ല. കുട്ടികളുടെയും മുതിർന്നവരുടെയും മൂക്കിലും ചെവിയിലും കയറുകയും ഇവ വിസർജിക്കുന്ന ദ്രാവകം ശരീരത്തിലായാൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം പ്രാണികളെ അകറ്റാൻ ചില പൊടി കൈകളൊക്കെ പറയാറുണ്ടെങ്കിലും പലപ്പോഴും അതൊന്നും ഫലപ്രദമാകാറില്ല.
മണ്ണെണ്ണ, സോപ്പുപൊടി എന്നിവ കലർത്തി പ്രയോഗിക്കുക, ഹിറ്റ് ചോക്ക് കൊണ്ട് വരക്കുക, വേപ്പെണ്ണ പുരട്ടുക തുടങ്ങിയ ഒറ്റമൂലികളൊക്കെ ചെയ്തു നോക്കിയാലും പൂർണമായും അവയെ നിയന്ത്രിക്കാനാകില്ലെങ്കിലും നേരിയ ആശ്വാസം ലഭിക്കും. അൽപം വീതിയും നീളവുമുള്ള വെള്ള നിറത്തിലുള്ള തുണി വീട്ടിൽ നിന്ന് അൽപം അകലെ പ്രകാശിക്കുന്ന ബൾബിന് സമീപത്തായി കെട്ടിവയ്ക്കുന്നതും മറ്റൊരു പൊടിക്കൈ ആണ്. ലൈറ്റിടാതിരിക്കുക, വീട്ടിനകത്തേക്കുള്ള ദ്വാരങ്ങൾ കൊതുകുവലയും മറ്റും ഉപയോഗിച്ച് ഭദ്രമായി അടക്കുക തുടങ്ങിയ കാര്യങ്ങളും പരീക്ഷിച്ചു നോക്കാറുണ്ട്.