ഏറനാട് താലൂക്കിന് ഐഎസ്ഒ സർട്ടിഫിക്കറ്റ്: ജീവനക്കാരെ അനുമോദിച്ചു
1540052
Sunday, April 6, 2025 5:37 AM IST
മഞ്ചേരി: ഏറനാട് താലൂക്കിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഭാഗമായി ജീവനക്കാർക്ക് അനുമോദനവും 2024-25 വർഷത്തെ മികച്ച റവന്യൂ ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. ഏറനാട് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി അധ്യക്ഷത വഹിച്ചു.
ആർആർ ഡെപ്യൂട്ടി തഹസിൽദാർ എസ്.ആർ. റെജി രൂപകൽപ്പന ചെയ്ത വെബ്സൈറ്റും പരിപാടിയിൽ പ്രദർശിപ്പിച്ചു. പയ്യനാട്, ചെന്പ്രശേരി, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ പഞ്ചായത്തുകൾക്ക് സ്പോണ്‍സർഷിപ്പിലൂടെ നാല് ഡെസ്ക്ടോപ്പുകളും വിതരണം ചെയ്തു.
കേരളത്തിൽ ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്ന താലൂക്ക് ഓഫീസ് കൂടിയാണ് ഏറനാട് താലൂക്ക് ഓഫീസ്. മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ, മുനിസിപ്പൽ കൗണ്‍സിലർ അഡ്വ. പ്രേമ, എഡിഎം എൻ.എം. മെഹറലി,
ഡെപ്യൂട്ടി കളക്ടർമാരായ ജെ.ഒ. അരുണ്‍, അൻവർ സാദത്ത്, തഹസിൽദാർ എം.മുകുന്ദൻ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം. അബ്ദുൾഅസീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.