ഡോക്ടർക്കെതിരേ നഗരസഭാ കൗണ്‍സിലർ പരാതി നൽകി
1540496
Monday, April 7, 2025 5:31 AM IST
മഞ്ചേരി: മതിയായ ചികിത്സ ലഭിച്ചില്ലെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് മഞ്ചേരി മുനിസിപ്പൽ കൗണ്‍സിലർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാർക്കെതിരെ ഹോസ്പിറ്റൽ സൂപ്രണ്ടിന് പരാതി നൽകി. മഞ്ചേരി നഗരസഭ 22-ാം വാർഡ് കൗണ്‍സിലർ എം.പി. സിദ്ദിഖ് ആണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ ചെറിയപെരുന്നാൾ ദിവസം സിദ്ദീഖിന്റെ പത്താംക്ലാസുകാരിയായ മകൾക്ക് മിക്സിയുടെ ബ്ലേഡിൽ തട്ടി മുറിവേറ്റു. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർ മുറിവു പരിശോധിക്കാനോ പ്രാഥമിക ചികിത്സ നൽകാനോ തയാറായില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മുറിവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒപി ടിക്കറ്റും വാങ്ങി പോയ ഡോക്ടർ ഒരു മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു വന്നത്. പിന്നീട് വലതു കൈയിലെ വിരലുകളിലുണ്ടായ മുറിവ് തുന്നി വിടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്ടർ ഭാര്യയോട് കയർത്തു സംസാരിച്ചതായും സിദ്ദീഖ് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.