നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുന്നു
1540054
Sunday, April 6, 2025 5:37 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. യുഡിഎഫ്-എൽഡിഎഫ്-എൻഡിഎ മുന്നണികൾ നിലന്പൂരിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ഒരുങ്ങുകയാണ്. യുഡിഎഫ്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരിൽ ഒരാളെ സ്ഥാനാർഥിയാക്കുമെന്ന് ഉറപ്പാണ്.
സിപിഎം നിലന്പൂരിൽ സ്വതന്ത്രസ്ഥാനാർഥിയെ പരീക്ഷിക്കാൻ തയാറായാൽ രണ്ടു തവണ നിലന്പൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം 6000 ത്തിന് താഴേക്ക് എത്തിച്ച പ്രഫ. എം.തോമസ് മാത്യുവിനെ ഒരിക്കൽ കൂടി കളത്തിലിറക്കാനുള്ള സാധ്യത തള്ളി കളയാനാകില്ല. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും അരീക്കോട് സ്വദേശിയായ യു. ഷറഫലിയും പരിഗണനയിലുണ്ട്.
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തയാറായാൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എം. ഷൗക്കത്ത്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷെബീർ, നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഇക്കുറി കടുത്ത പോരാട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ക്രൈസ്തവ വോട്ടുകൾ നിർണായകമായ നിലന്പൂർ മണ്ഡലത്തിൽ പി.സി.ജോർജിന്റെ മകൻ അഡ്വ. ഷോണ്‍ ജോർജ്, വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരേ മത്സരിച്ച നവ്യഹരിദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
ജില്ലയിൽ നിന്നുമാണ് സ്ഥാനാർഥിയെങ്കിൽ ആർ. രശ്മിൽനാഥ്, അഡ്വ.ടി.കെ. അശോക് കുമാർ, അഡ്വ. കെ.പി.ബാബുരാജ് എന്നിവരെയാകും പരിഗണിക്കുക. വന്യമൃഗശല്യം, വഖഫ് ഭേദഗതി ബിൽ, മുനന്പം വിഷയം എന്നിവ തെരഞ്ഞെടുപ്പ് വിഷയമാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ അഡ്വ. ഷോണ്‍ ജോർജ് സ്ഥാനാർഥിയാകുന്നത് ബിജെപിക്ക് നേട്ടമാകുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മാസപ്പടി വിവാദവും നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത് 17000ത്തോളം വോട്ടുകളാണ്.
പി.വി. അവറിന്റെ പിന്തുണയും യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. എന്നാൽ നിലന്പൂരിൽ വ്യക്തമായ രാഷ്ട്രീയ അടിത്തറയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എന്തായാലും ബിജെപി സ്ഥാനാർഥി പിടിക്കുന്ന വോട്ടുകൾ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.