മലപ്പുറം ഇനി സൂപ്പർ ക്ലീൻ : ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1540046
Sunday, April 6, 2025 5:37 AM IST
മലപ്പുറം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സന്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. മലപ്പുറം ഡിടിപിസി ഹാളിൽ നടത്തിയ ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎയാണ് ജില്ലയെ സന്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ "മാലിന്യമുക്തം നവകേരളം’ കാന്പയിന്റെ ഭാഗമായുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
കാന്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുറത്തൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിൻമേലുള്ള കവറേജിനുമാണ് അവാർഡ് ലഭിച്ചത്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിതകർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മാലിന്യം തുടച്ചുനീക്കാൻ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്നും പി. ഉബൈദുള്ള എംഎൽഎ പറഞ്ഞു. മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ പ്രതിഷേധം ഉയരുന്ന സാഹചര്യമുണ്ട്. ഈ മനോഭാവത്തിൽ മാറ്റം വരണമെന്നും ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള ജില്ലയിൽ മാർച്ച് മാസത്തിൽ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കൾ നൽകി. ഹരിത ടൗണുകൾ -145, ഹരിത മാർക്കറ്റ് പൊതുവിടങ്ങൾ - 141, ഹരിത വിദ്യാലയം- 1606, ഹരിത കലാലയങ്ങൾ- 156, ഹരിത ഓഫീസുകൾ- 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങൾ -13, ഹരിത അയൽക്കൂട്ടങ്ങൾ-33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.
3489 ഹരിതകർമ സേന അംഗങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി കാമറകൾ സ്ഥാപിച്ചത്. ചടങ്ങിൽ മാലിന്യ സംസ്കരണ മേഖലയിൽ മികവ് പുലർത്തിയ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, സ്ഥാപനം, സിഡിഎസ് എന്നിവയെ അനുമോദിച്ചു. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ. വിനോദ് മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറം, തിരൂങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി, കലാം, പി. സെതലവി, ജി. വരുണ്‍, പ്രീതി മേനോൻ, ലതിക, സുരേഷ്, ബീന സണ്ണി, കെ. ശ്രീധരൻ, പി.എസ്. വരുണ്‍ ശങ്കർ, വി.കെ. മുരളി, പി.ബി. ഷാജു എന്നിവർ പ്രസംഗിച്ചു.