അങ്ങാടിപ്പുറത്തെ മാലിന്യനിക്ഷേപ സ്ഥലം ഉദ്യാന കേന്ദ്രങ്ങളാക്കും
1539824
Saturday, April 5, 2025 5:47 AM IST
അങ്ങാടിപ്പുറം: മാലിന്യ നിക്ഷേപ, ലഹരി വിൽപ്പന സങ്കേതങ്ങളെ ഉദ്യാന കേന്ദ്രങ്ങളാക്കാൻ അങ്ങാടിപ്പുറം പഞ്ചായത്ത് തീരുമാനം. പൊതുനിരത്തുകളിലെ മേൽപ്പാലങ്ങളുടെ താഴെ സാമൂഹ്യവിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരും അവരുടെ ഇഷ്ടകേന്ദ്രങ്ങളായി ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഇത്തരം സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാറില്ല. ഇതിനാൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുകയും സാമൂഹിവിരുദ്ധർ താവളമാക്കുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിഭാഗത്ത് മനോഹരമായ പൂന്തോട്ടമാക്കി മാറ്റാൻ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
എന്നാൽ ലഹരിയുടെ വ്യാപനം വർധിക്കുകയും മാലിന്യനിർമാർജനം മുഖ്യപരിഗണന അർഹിക്കുന്ന വിഷയമാവുകയും ചെയ്തതിനാൽ പഞ്ചായത്ത് ഭരണസമിതി മേൽപ്പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവിടം ഉദ്യാനങ്ങളാക്കാനുള്ള ശ്രമത്തിലാണ്.
അഴകുള്ള അങ്ങാടിപ്പുറത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ബഹുമുഖ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വഴിയാത്രക്കാർക്കും സായാഹ്ന,പ്രഭാതസവാരിക്കാർക്കും വിശ്രമിക്കാനുള്ള സൗകര്യങ്ങളുമൊരുക്കും.