ഷിബിൽ ഷെരീഫ് കേരളാ ടീമിലേക്ക്
1540494
Monday, April 7, 2025 5:31 AM IST
തുവൂർ: ഫുട്ബോളിൽ കേരളത്തിന് വേണ്ടി ബൂട്ടണിയാൻ തുവൂർ നീലാഞ്ചേരിയിലെ ഷിബിൽ ഷെരീഫ്. അണ്ടർ 19 കേരള ടീമിലാണ് ഷിബിൽ ബൂട്ടണിയുക. മുക്കം മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥിയായ ഷിബിൽ കോഴിക്കോട് ജില്ലയ്ക്കു വേണ്ടി സംസ്ഥാന സ്കൂൾ കായികമേളയിൽ കളിച്ചിരുന്നു. അന്നത്തെ ഷിബിലിന്റെ പ്രകടനം കേരള ടീമിലേക്കുള്ള വാതിൽ തുറന്നു.
കൂടാതെ കൊൽക്കത്തയിലെ ക്ലബും ഷിബിലിനെ ടീമിലേക്ക് തെരഞ്ഞെടുക്കുകയും വിദേശത്ത് കളിക്കാൻ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പറക്കാനുള്ള ഒരുക്കത്തിനിടെ മെഡിക്കൽ പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയായിരുന്നു. പനി വകവയ്ക്കാതെയായിരുന്നു അന്ന് ഷിബിൽ മൈതാനിയിൽ മികച്ച പ്രകടനം നടത്തിയത്.
മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയിൽ കർശന വിശ്രമം ഡോക്ടർ നിർദേശിച്ചതോടെ ഷിബിലിന്റെ സ്വപ്നത്തിന് മങ്ങലേറ്റു. എന്നാൽ ഷിബിലിന്റെ പ്രകടത്തിൽ ആത്മവിശ്വാസമുള്ള കോച്ച് വിശ്രമ ദിവസം കഴിഞ്ഞയുടനെ ഷിബിലിനെ ടീമിലേക്ക് വിളിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ധാരാളം ടൂർണമെന്റുകളിൽ ഷിബിൽ ബൂട്ടണിയുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. കൈവിട്ടുപോയെന്ന് കരുതിയ ഭാഗ്യം തിരികെ കിട്ടിയ ആഹ്ലാദത്തിലാണ് ഷിബിൽ. പ്രവാസിയായ മന്പാടൻ ഷെരീഫിന്റെയും സാജിതയും മകനാണ് ഷിബിൽ.