പാലൂർ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ സമാപനത്തിലേക്ക്
1539825
Saturday, April 5, 2025 5:47 AM IST
പുലാമന്തോൾ:പാലൂർ എഎൽപി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ആറ്,ഏഴ് തിയതികളിൽ സമാപനമാകുന്നു. കഴിഞ്ഞ ജൂണിലാണ് നൂറാം വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചത്. പൂർവവിദ്യാർഥി സംഗമം, പൂർവ അധ്യാപക ആദരണം, കലാകായിക മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, ലഹരിക്കെതിരെ കിക്ക് ഓഫ് മത്സരം, വാക്കത്തോണ്, നാടകക്യാന്പ്, വയനാട് ദുരന്തബാധിതരെ സഹായിക്കാനായി കുടക്ക പൊട്ടിക്കൽ തുടങ്ങി വൈവിധ്യമായ പരിപാടികൾക്കാണ് തിരശീല വീഴുന്നത്.
ആറിന് വൈകുന്നേരം അഞ്ചിന് മെഗാതിരുവാതിരയോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന
സമാപന പരിപാടികൾക്ക് തുടക്കമാകും. ആറുമണിക്ക് സാംസ്കാരിക സമ്മേളനം മുൻ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വൈസ് ചെയർമാൻ വേണുപാലൂർ അധ്യക്ഷത വഹിക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് അങ്കണവാടി കുട്ടികളുടെയും പൂർവവിദ്യാർഥികളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി യുവസംവിധായകൻ പി.ടി. ആബിദ് ഒരുക്കുന്ന പൂർവവിദ്യാർഥികളുടെ നാടകത്തോടെ ഒന്നാം ദിവസത്തെ പരിപാടി അവസാനിക്കും.
ഏഴിന് സമാപനസമ്മേളനം മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിക്കും. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സൗമ്യ, എഇഒ കെ.ടി. കുഞ്ഞിമൊയ്തു, ജനപ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും.
സമാപന പരിപാടികൾക്ക് ശേഷം സ്കൂൾ അങ്കണം മനോഹരമാക്കി കളിമുറ്റം തയാറാക്കാനുള്ള പരിപാടികളുമായി മുന്നോട്ടുപോകുകയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ വേണു പാലൂർ, പിടിഎ പ്രസിഡന്റ് കെ. സുധാകരൻ, ഹെഡ്മിസ്ട്രസ് ഇ. ശ്രീജ, ഡിഎച്ച്്എം പി. ശൈലജ എന്നിവർ പങ്കെടുത്തു.