കോട്ടക്കലിൽ കഫേ കുടുംബശ്രീ റസ്റ്ററന്റ് തുറന്നു
1540485
Monday, April 7, 2025 5:27 AM IST
മലപ്പുറം: കുടുംബശ്രീ ആരംഭിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രീമിയം കഫേ റസ്റ്ററന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സണ്‍ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ബസ് സ്റ്റാൻഡിന്റെ പിറകുവശത്താണ് ’ കഫേ കുടുംബശ്രീ’ തുടങ്ങിയിട്ടുള്ളത്. കാന്റീൻ, കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയാണ് പ്രീമിയം കഫേയുടെ പ്രധാന ലക്ഷ്യങ്ങൾ.
കുടുംബശ്രീ ജില്ലാ മിഷൻ ക്ഷണിച്ച താൽപര്യപത്രത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം സ്വദേശിനി ഷരീഫയാണ് സംരംഭക. പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം, കാറ്ററിംഗ്, ഓണ്‍ലൈൻ സേവനങ്ങൾ, മാലിന്യ സംസ്കരണ ഉപാധികൾ, പാർക്കിംഗ് സൗകര്യം, ശുചിമുറികൾ, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ആരംഭിച്ച ഈ പുത്തൻസംരംഭത്തിൽ കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തന്നെ രുചിക്കൂട്ടുകളും ലഭിക്കും.
പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പാറോളി റംല, മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗണ്‍സിലർ കളപ്പാടൻ സജീർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എം.പി. മുഹമ്മദ് അസ്ലം, കുടുംബശ്രീ പ്രോഗ്രാം മാനേജർ പി. റെനീഷ്, സിഡിഎസ് ചെയർപേഴ്സണ്‍മാരായ ടി.ടി. ജുമൈല, എം.കെ. റസിയ എന്നിവർ പ്രസംഗിച്ചു.